കറുകച്ചാൽ(കോട്ടയം) > സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് കാടുപിടിച്ച എട്ട് എക്കർ റബർ തോട്ടത്തിൽ. കോട്ടയം മണിമല ഏറത്തുവടകര തീരദേശ റോഡിൽ ആനക്കല്ലിനു സമീപമാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ടെത്തിയ ഒമ്പതാം ക്ലാസുകാരി സഹോദരനോട് വഴക്കിട്ട് വീട്ടിൽനിന്നിറങ്ങുകയായിരുന്നു. രാത്രി ഏഴരയോടെ റോഡിലൂടെ തനിച്ചു നടക്കുന്നതു കണ്ട് പ്രദേശവാസികൾ അന്വേഷിച്ചപ്പോൾ മറുപടി നൽകാതെ പെൺകുട്ടി തോട്ടത്തിൽ ഓടി ഒളിച്ചു. പുലർച്ചെ മൂന്ന് വരെ പൊലീസും അഗ്നിരക്ഷാസേനയും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച പുലർച്ചെ ആറേകാലോടെ നടക്കാനിറങ്ങിയ ചിലർ പെൺകുട്ടി തോട്ടത്തിൽ നിന്നും ഇറങ്ങിവരുന്നത് കണ്ട് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മാതാപിതാക്കളെ വിവരം അറിയിച്ചു. കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.