ന്യൂഡൽഹി > പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് വിയോജിക്കുന്നതായി ഡിവൈഎഫ്ഐ ദേശീയപ്രസിഡന്റ് എ എ റഹീം. കേന്ദ്രസർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാൽ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് ന്യായമായും സംശയിക്കാം. വിവാഹകാര്യത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അവകാശത്തെ ലക്ഷ്യമിടുന്നതാണ് ഈ നീക്കം. ഒരു മടിയും കൂടാതെ വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്ക് കടന്നുകയറാനുള്ള പ്രവണത കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
പൊതുസമൂഹത്തിൽ ചർച്ചകൾ നടത്താതെ ഇത്തരം തീരുമാനങ്ങളിലേക്ക് എത്തിച്ചേരുന്നത് ശരിയല്ല. ലിംഗനീതിയും തുല്യതയുമാണെന്ന് ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തിസ്വാതന്ത്രത്തെ ഹനിക്കലാണ് യഥാർഥലക്ഷ്യം. ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായയെ പോലെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹർജിയിലെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ആർഎസ്എസ് അജണ്ടയാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും റഹീം ചൂണ്ടിക്കാണിച്ചു.