തിരുവനന്തപുരം: കെ റെയിൽ സിൽവര്‍ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി വിരുദ്ധാഭിപ്രായം സ്വീകരിച്ച ശശി തരൂര്‍ എംപിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശി തരൂർ പങ്കുവെച്ചത് കേരളത്തിൻ്റെ പൊതുവികാരമാണെന്ന് കോടിയേരി പ്രതികരിച്ചു. ശശി തരൂരിന് മറ്റു കോൺഗ്രസ് നേതാക്കളെപ്പോലെ നിഷേധാത്മക സമീപനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയിൽപാതയായ സിൽവര്‍ ലൈനിനു വേണ്ടി ഭൂമി അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജൻസിയായ കെ റെയിലിനാണ് പദ്ധതിയുടെ ചുമതല. എന്നാൽ കേരളത്തെ പാരിസ്ഥിതികവും സാമ്പത്തികവുായി തകര്‍ക്കുമെന്ന് ആരോപണം നേരിടുന്ന പദ്ധതിയ്ക്കെതിരെ യുഡിഎഫും ബിജെപിയും പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇതിനിടെയാണ് കെ റെയിലിനെയും സംസ്ഥാന സര്‍ക്കാരിനെയും പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയത്.
Also Read:
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവാദപരാമര്‍ശത്തിൽ ശശി തരൂരിനോടു വിശദീകരണം തേടുമെന്ന് കെ സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു. തെറ്റായ നിലപാട് തരൂരിനുണ്ടെങ്കിൽ അത് തിരുത്തിക്കുമെന്നും ഇരുന്നിടം കുഴിക്കരുതെന്നും സുധാകരൻ പറഞ്ഞു. തരൂരിന്‍റെ കെ റെയിൽ വിഷയത്തിലെ നിലപാട് ശരിയല്ലെന്നും ഇത് അദ്ദേഹം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
Also Read:
ഇതിനിടെ കെ റെയിൽ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും റെയിൽപാതയുടെ അലൈൻമെന്‍റ് കടന്നുപോകുന്ന 10 ജില്ലകളിലെ ആസ്ഥാനങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്.