തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസ് എം.പി ശശി തരൂരിനെ പുകഴ്ത്തി സി.പി.എം. സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിലെ മറ്റ് നേതക്കളെപ്പോലെ വികസനത്തിന്റെ കാര്യത്തിൽ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. തരൂർ പറഞ്ഞതാണ് കേരളത്തിന്റെ പൊതുവികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പാർട്ടിയിൽ വിമർശനം നേരിടുമ്പോഴാണ് സിപിഎം തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കെ റെയിൽ പദ്ധതി ആദ്യം കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. എന്നാൽ അത് സി.പി.എമ്മിന്റെ കാലത്ത് നടപ്പിലാക്കുന്നതിലാണ് കോൺഗ്രസിന് പ്രശ്നം. കേരളത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാരിന് തിടുക്കമില്ല. ഘടകകക്ഷികളുമായി ഉൾപ്പെടെ ഈ വിഷയത്തിൽ ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണ്. പദ്ധതിയെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സിപിഐക്ക് പദ്ധതിയിൽ എതിർപ്പുണ്ടെന്ന വാദങ്ങളേയും അദ്ദേഹം തള്ളി. കെ റെയിൽ പദ്ധതി ഇടതുപക്ഷം വാഗ്ദാനം ചെയ്ത പദ്ധതിയാണ്. സിപിഐ കൂടി ഭാഗമായ മുന്നണിയുടെ തിരഞ്ഞെടുപ്പ് പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനോടെ സിപിഐക്ക് എതിർപ്പില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. അതേസമയം പദ്ധതി നടപ്പിലാക്കുന്നതിനോട് കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ വ്യത്യസ്ത സ്വരമുയർത്തുന്ന തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാണ്.
ശശി തരൂരിനോട് നേരിട്ട് സംസാരിച്ച ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പാർട്ടിയുടെ പൊതു നിലപാടിനെപാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഒരു എം.പി പരസ്യമായി തള്ളിപ്പറയുന്നതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് വന്നു. സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന നിപാടാണ് ശശി തരൂർ സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
Content Highlights: CPI(M) State Secretary Kodiyeri Balakrishnan Talks in support of Congress MPShashi Tharoorin K-Railissue