കോട്ടയം: സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സ്കൂൾ വിദ്യാർഥിനിയെ ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തി. വീട്ടുകാരെയും നാട്ടുകാരെയും ഒരു രാത്രി മുൾമുനയിൽ നിർത്തിയ പെൺകുട്ടിയെവീടിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നാണ് ഒടുവിൽ കണ്ടെത്തിയത്.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി കാണാതായ പെൺകുട്ടിയെ ശനിയാഴ്ചരാവിലെ ആറര മണിക്കാണ് കണ്ടെത്തിയത്. രാത്രി വൈകിയും പരിശോധന തുടർന്നിരുന്നു.
കോട്ടയം കറുകച്ചാൽ പൂണിക്കാവ് സ്വദേശിനിയായ പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിത് പതിവിലും വൈകിയാണ്. ഇത് ചോദ്യംചെയ്ത സഹോദരൻ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. വൈകിയതിനുള്ള കാരണം ചോദിക്കുകയും ചെയ്തു. പിന്നിട് സന്ധ്യയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. രാത്രി ഏഴ് മണിക്ക് ശേഷം ആനക്കല്ല് ഭാഗത്ത് പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
എവിടേക്ക് പോകുന്നുവെന്ന് നാട്ടുകാരിൽ ചിലർ ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ തോട്ടത്തിലേക്ക് കയറി പോവുകയും ചെയ്തു. ആൾത്താമസമുള്ള സ്ഥലത്തുനിന്ന് ഉള്ളിലേക്കാണ് തോട്ടം സ്ഥിതിചെയ്യുന്നത്. രാത്രി മുഴുവൻ ഇവിടെ നാട്ടുകാർ തിരച്ചിൽ നടത്തി.തോട്ടത്തിന് പുറത്തുള്ള വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് റബർ തോട്ടത്തിനുള്ളിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
Content Highlights: girl who left home as brother scolded her found in rubber plantation