തിരുവനന്തപുരം: അരിയുടെ നിലവാരത്തിൽ മില്ലുകൾക്ക് ഉത്തരവാദിത്തമില്ലെന്ന ഉത്തരവ് റദ്ദാക്കാൻ സംസ്ഥാന സർക്കാർ. ഇതിനുള്ള നിർദേശം നൽകിയതായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. മില്ലുകളും ഉദ്യോഗസ്ഥരും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ സ്ഥലങ്ങളിൽ വീണ്ടും പരിശോധന വേണ്ടെന്ന് ഒരു അഭിപ്രായം ഉയർന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.
പരിശോധന കർശനമാക്കാൻ പറഞ്ഞിരുന്നതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് തിരുത്താൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈക്കോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് മൂന്ന് മാസം അരിയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നാണ് കരാർ വ്യവസ്ഥ. ഇത് ഒഴിവാക്കിയുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ ഡിസംബർ മൂന്നിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഓഗസ്റ്റ് 27ന് മില്ലുടമകളുമായി മന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിലാണ് മില്ലുടമകളുടെ ആവശ്യമായി ഉയർന്നുവന്ന ഇക്കാര്യം അംഗീകരിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനമാണെന്ന് ഉദ്യോഗസ്ഥരുടെ ആഭ്യന്തര കുറിപ്പിൽ വ്യക്തമായിരുന്നു. നടപടി മില്ലുടമകൾക്ക് അഴിമതി നടത്താൻ കളമൊരുക്കുമെന്ന് വ്യക്തമായതോടെയാണ് അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ മില്ലുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന തരത്തിൽ ഉത്തരവ് തിരുത്താൻ മന്ത്രി നേരിട്ട് നിർദേശിച്ചത്.
നിലവിൽ തന്നെ ഒരു കിലോ നെല്ലിന് പകരം 64 ഗ്രാം അരി തിരിച്ച് നൽകിയാൽ മതി എന്നതാണ് സംസ്ഥാനത്ത് മില്ലുകൾക്ക് സഹായകമായ ഒരു വ്യവസ്ഥ. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 680 ഗ്രാം വരെയാണ്. ഉത്തരവ് തിരുത്താൻ മന്ത്രി തന്നെ ഉത്തരവിടുമ്പോൾ അത് സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യാനുള്ള സാധ്യത കൂടി ഇല്ലാതാക്കുകയാണ്.
Content highlights: mills have the responsibility in ensuring quality of rice says minister gr anil