തിരുവനന്തപുരം: കെ റെയിലിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പിന്തുണച്ച കോൺഗ്രസ് എംപി ശശി തരൂരിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടിക്ക് അകത്തുള്ളവരാണെങ്കിൽ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരും, ശശി തരൂരിനോട് തങ്ങൾക്കുള്ള അഭ്യർത്ഥന അതാണെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ.
കോൺഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകൾ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഇല്ലെങ്കിൽ പാർട്ടിയിൽ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാർട്ടിക്ക് വിധേയരാകേണ്ടി വരും പാർട്ടിക്ക് അകത്തുള്ള ആളുകൾ. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെ വൃത്തത്തിൽ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂർ. അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോൺഗ്രസിന്റെ അഭ്യർത്ഥനയെന്നും സുധാകരൻ വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതൽ പ്രതികരിക്കൂ. കെ റെയിൽ വിഷയത്തിൽ ആഴത്തിൽ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തിൽ ഞങ്ങൾക്ക് പിഴവില്ല എന്നതാണ് പാർട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കിൽ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോയെന്നും സുധാകരൻ ചോദിച്ചു.
ശശി തരൂർ ലോകം കണ്ട നേതാവാണ് എന്നതൊക്കെ ശരിവെക്കുമ്പോൾ തന്നെ ഇരിക്കുന്നിടം കുഴിക്കുന്നത് ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണം. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗികതയാണെന്നും കെപിസിസി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ റെയിൽ പദ്ധതി പാർട്ടി ഓഫീസാക്കി മാറ്റുകാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയിൽ കമ്പനിയുടെ ജനറൽ മാനേജറെന്നും സുധാകരൻ പറഞ്ഞു.
Content Highlights :KPCC President K Sudhakaran responds to Congress MP Shashi Tharoor for supporting CM and state government in K-Rail