ന്യൂഡൽഹി
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തോട് യോജിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ന്യായീകരണം വിശ്വാസയോഗ്യമല്ല. സ്ത്രീകൾ പ്രായപൂർത്തിയായതായി കണക്കാക്കുന്ന പ്രായമാണ് 18. സ്വന്തംനിലയിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം കൈവരുന്ന സമയം. ആ പ്രായത്തിൽ വിവാഹം കഴിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിനെ ശിക്ഷാർഹമാക്കുന്നത് അംഗീകരിക്കാനാകില്ല. പുതിയ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കുകയല്ല പകരം ദുർബലപ്പെടുത്തും. പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കാത്ത സമൂഹത്തെയാണ് സൃഷ്ടിക്കേണ്ടത്. തീരുമാനം പെൺകുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്ന വാദം ശരിയല്ല. പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. വിവാഹപ്രായത്തിൽ തുല്യതയാണ് വേണ്ടതെങ്കിൽ 18 വയസ്സായി നിജപ്പെടുത്തുക. ലോ കമീഷനും ഇതാണ് പറഞ്ഞതെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.