മാഡ്രിഡ്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇരട്ടമെഡൽ തിളക്കത്തിൽ. പുരുഷ സിംഗിൾസ് സെമിയിൽ കടന്ന് കിഡംബി ശ്രീകാന്തും ലക്ഷ്യാ സെന്നും മെഡലുറപ്പിച്ചു. സെമിയിൽ ഇരുവരും തമ്മിലാണ് പോരാട്ടം. അതിനിടെ, വനിതകളിലെ ചാമ്പ്യൻ പി വി സിന്ധു പുറത്തായത് ഇന്ത്യക്ക് നിരാശയായി. മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാർട്ടറിൽ തോറ്റു.
ലക്ഷ്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പായിരുന്നു ഇത്. ആവേശകരമായ മത്സരത്തിൽ ചൈനയുടെ സാവോ യുൻപെങ്ങിനെ തോൽപ്പിച്ചാണ് ഇരുപതുകാരന്റെ മുന്നേറ്റം (21–-15, 15–-21, 22–-20). ഇഞ്ചിനിഞ്ച് പോരാട്ടത്തിലാണ് കടന്നത്. അവസാന പോയിന്റുവരെ മത്സരം ആവേശം വിതറി.
ഒന്നാം ഗെയിം 21–-15ന് ലക്ഷ്യ നേടിയപ്പോൾ അതേ നാണയത്തിൽ യുൻപെങ് രണ്ടാംഗെയിമിൽ തിരിച്ചടിച്ചു. ലീഡ്നില മാറിമറഞ്ഞ മൂന്നാം ഗെയിമിൽ കളിയവസാനം തുടർച്ചയായി പോയിന്റുകൾ നേടിയാണ് ലക്ഷ്യ കളി പിടിച്ചത്. പിന്നിട്ടുനിന്നശേഷം രണ്ട് പോയിന്റുകൾ തുടർച്ചയായി നേടി കുതിച്ചു.
യൂത്ത് ഒളിമ്പിക്സിൽ വെള്ളിയും ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ലക്ഷ്യ നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ് സെമിയിൽ കടന്നാൽ വെങ്കലം ഉറപ്പാണ്. ലക്ഷ്യ–ശ്രീകാന്ത് പോരിലെ ജേതാവ് സ്വർണമെഡൽ പോരാട്ടത്തിന് അർഹത നേടും. അനായാസമായിരുന്നു ശ്രീകാന്തിന്റെ കുതിപ്പ്. നെതർലൻഡ്സിന്റെ മാർക് കാലിയോയെ 26 മിനിറ്റുകൊണ്ട് തകർത്താണ് മുന്നേറിയത് (21–-8, 21–-7). ഇരുപത്തെട്ടുകാരന്റെ വേഗത്തിനും കൗശലത്തിനും കാലിയോയ്ക്ക് മറുപടിയുണ്ടായില്ല.
ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക് നാല് മെഡലായി. 1983ൽ പ്രകാശ് പദുകോണും 2019ൽ ബി സായ് പ്രണീത് വെങ്കലവും നേടിയതാണ് ഇതിനുമുമ്പുള്ള നേട്ടം. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി. വനിതാ ക്വാർട്ടറിൽ ലോക ഒന്നാം നമ്പറുകാരി തായ് സു യിങ്ങാണ് സിന്ധുവിനെ വീഴ്ത്തിയത്. ചൈനീസ് തായ്പേയ്ക്കാരിക്കുമുമ്പിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടങ്ങി (21–-17, 21–-13). ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അവസാന എട്ടിലെത്തിയ സിന്ധു സു യിങ്ങിനോട് കളി മറന്നു. ഇരുവരും 20–-ാം വട്ടമാണ് മുഖാമുഖം എത്തുന്നത്. ഇതിൽ 15ലും ജയം സു യിങ്ങിനാണ്.സിംഗപ്പുരിന്റെ ലൊ കീൻ യൂവിനോടാണ് പ്രണോയ് തോറ്റത് (14–21, 12–21).