കോട്ടയം
വിജിലൻസ് സംഘത്തിന്റെ എട്ടുമണിക്കൂർ നീണ്ട പരിശോധനയിൽ തെളിഞ്ഞത് അനധികൃതമായി വാരിക്കൂട്ടിയ സ്വത്തിന്റെ കാവൽക്കാരനെ. മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ജില്ലാ എൻജിനിയർ ജോസ്മോന്റെ കൊല്ലത്തെ എഴുകോണിലെ വീട്ടിലായിരുന്നു കോട്ടയത്തുനിന്നുള്ള 12 അംഗ വിജിലൻസ് സംഘം വ്യാഴാഴ്ച അരിച്ചുപെറുക്കിയത്. കൈക്കൂലി വാങ്ങുന്നതിനിടയിൽ കോട്ടയത്ത് പിടിയിലായ ജില്ലാ എൻവയൺമെന്റ് എൻജിനിയർ ഹാരിസിനെ പിടികൂടിയപ്പോഴാണ് മുൻ ഓഫീസറായ ജോസ്മോന്റെ പങ്ക് വെളിവായത്. പരാതിക്കാരന്റെ സ്ഥാപനത്തിന് ലൈസൻസ് കിട്ടാൻ മലിനീകരണ ബോർഡിന്റെ അന്വേഷണ റിപ്പോർട്ട് വേണമായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അതിനായി ജോസ്മോൻ ആവശ്യപ്പെട്ടത് ഒരു ലക്ഷമാണെന്ന് പരാതിക്കാരൻ ജോബിൻ പറയുന്നു. ഹാരിസിന്റെയും ജോബിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസ്മോനെ കേസിൽ പ്രതി ചേർത്തത്. തുടർന്നാണ് അന്വേഷണസംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.
കണ്ടത് കോടികളുടെ മൂല്യമുള്ള സ്വത്തുവകകൾ
120 പവൻ സ്വർണം, 1. 98 കോടിയുടെ സ്ഥിരനിക്ഷേപം, ലക്ഷങ്ങളുടെ കടപ്പത്രങ്ങൾ, വിദേശ ഡോളറുകൾ ഉൾപ്പെടെ കോടികൾ വിലവരുന്ന സ്വത്തുക്കളാണ് വിജലൻസിന് കാണാൻ കഴിഞ്ഞത്. കടപ്പത്രം: മുത്തൂറ്റ് ഫിനാൻസ് 200 എണ്ണം, രണ്ടുലക്ഷം മുഖവില, ഷെയർ: സിയാൽ എയർപോർട്ട്: 6000 എണ്ണം, ലേക്ഷോർ: 41000, പണം: ഇന്ത്യൻ രൂപ: 1,56,850, അമേരിക്കൻ ഡോളർ: 239, കനേഡിയൻ ഡോളർ: 835, യുഎഇ ദിർഗം 4275, ഖത്തർ റിയാൽ: ഒന്ന്.
ഇൻഷുറൻസ് പോളിസികൾ: എൽഐസി: 3.5 ലക്ഷം, എച്ച്ഡിഎഫ്സി മ്യുച്ചൽ ഫണ്ട്: രണ്ടുലക്ഷം, റിലയൻസ്: 50,000, ഡിഎസ്പി ബ്ലാക്ക് റോഡ് മ്യുച്ചൽ ഫണ്ട്: 50,000, എച്ച്ഡിഎഫ്സി ലൈഫ്: രണ്ട് ലക്ഷം, ഐസിഐ പ്രുഡൻഷ്യൽ : രണ്ട് ലക്ഷം. യൂണിവേഴ്സൽ സാമ്പോ ഒരു ലക്ഷം, ബിർള സൺലൈഫ്: 2 ലഷം, ഭാരതി അക്സ മ്യുച്ചൽ ഫണ്ട് ഒരു ലക്ഷം, ആദിത്യ ബിർള ക്യാപ്റ്റൽ ഒരുലക്ഷം, സ്വർണം കടപ്പത്രം മൂന്നു ലക്ഷം.
കാനഡയിൽ മകളുടെ വിദ്യാഭ്യാസത്തിന് നൽകിയ 27 ലക്ഷം, 86,000 രൂപയുടെ റൊളക്സ് വാച്ച്, 1.23 ലക്ഷത്തിന്റ ആപ്പിൾ ഐ ഫോൺ .
ഇതിനു പുറമെ 4000 അടി വിസ്തീർണമുള്ള ആഡംബരവീട്, വാഗമണിൽ ഏഴര ഏക്കർ സ്ഥലവും റിസോർട്ടും എഴുകോണിൽ 15 സെന്റ് സ്ഥലവും ഇരുനില കെട്ടിടം, അഞ്ചു കടമുറികൾ, 18 , 5 ലക്ഷങ്ങൾ വിലവരുന്ന രണ്ട് കാറുകൾ എന്നിവയുമുണ്ട്.
സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങി
ഹാരിസിന്റെ വരവിൽ കവിഞ്ഞ സ്വത്തു വകകളെപ്പറ്റി എറണാകുളം വിജലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അദേഹത്തിന്റെ പേരിൽ ആലുവയിൽ ഉൾപ്പെടെ വിവിധയിടങ്ങളിലുള്ള അനധികൃത സ്വത്തുക്കളെപ്പെറ്റി വിജിലൻസ് സംഘം അന്വേഷണം നടത്തിവരികയാണ്. ജോസ്മോന്റെ വരവിൽ കവിഞ്ഞ സ്വത്തുക്കളെപ്പെറ്റിയും കൂടുതൽ അന്വേഷണം ആരംഭിച്ചു.