പാലാ
പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാലാ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോതമംഗലം എംഎ കോളേജ് മുന്നേറ്റം തുടരുന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ 132 പോയിന്റ് നേടിയാണ് എംഎയുടെ കുതിപ്പ്. 71 പോയിന്റുമായി ചങ്ങനാശേരി എസ്ബി കോളേജ് രണ്ടാം സ്ഥാനത്തും 39.5 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. സെന്റ് തോമസ് കോളേജ് പാലാ(28), കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്(20) എന്നിവരാണ് പിന്നെയുള്ള സ്ഥാനങ്ങളിൽ.
പെൺകുട്ടികളുടെ വിഭാഗത്തിൽ എംഎ കോളേജ് 107 പോയിന്റ് നേടി. 92 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനത്തും 76 പോയിന്റുമായി പാലാ അൽഫോൻസ കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് (20), കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്(19) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
രണ്ടാം ദിനം മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്നു. പെൺകുട്ടികളുടെ പോൾ വാൾട്ടിൽ പാലാ അൽഫോൻസാ കോളേജിലെ നിവ്യ ആന്റണിയും, 800 മീറ്ററിൽ കോതമംഗലം എംഎ കോളേജിലെ സി ചാന്ദ്നിയും ആൺകുട്ടികളുടെ 5000 മീറ്ററിൽ കോതമംഗലം എംഎ കോളേജിലെ കെ ആനന്ദ് കൃഷ്ണയുമാണ് റെക്കോഡിട്ടത്.