സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയലിൽ ഒപ്പിട്ട് നൽകിയത്. ഈ തെറ്റ് ആവർത്തിക്കാതിരിക്കുയെന്ന ലക്ഷ്യത്തോടെയാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ഗവർണർ വ്യക്തമാക്കി. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് കത്തെഴുതാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ല. സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. മന്ത്രി ആർ ബിന്ദുവിന് മറുപടി പറയലല്ല തൻ്റെ ജോലിയെന്നും ഗവർണർ തുറന്നടിച്ചു.
കോടതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. മന്ത്രി തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. തൻ്റെ നീതി ബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ ഇഷ്ടപ്പെടാത്തതിനാലാണ് ചാൻസലർ പദവി ഒഴിയാൻ തയ്യാറായത്. രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യത്തിൽ തനിക്ക് ചാൻസലറായി തുടരാൻ സാധിക്കില്ല. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണെന്നും മറിച്ച് മനുഷ്യവാഴ്ചയാകരുതെന്നും ഗവർണർ പറഞ്ഞു.
സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണർക്ക് കത്ത് നൽകിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ മന്ത്രി വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രൂക്ഷമായ ഭാഷയിൽ മന്ത്രിയെ വിമർശിച്ച് ഗവർണർ പ്രതികരണം നടത്തിയത്.