നാൽപതിനായിരം രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്തി ആർക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ദേവസ്വം അറിയിച്ചു. വാഹനം ലേലം ചെയ്ത് നൽകാൻ ദേവസ്വം ഭരണസമിതി ദിവസങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്നു.15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് എന്നാൽ ഇക്കാര്യത്തിൽ ദേവസ്വത്തിൻ്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചുവപ്പ് നിറത്തിലുള്ള ഥാറിൻ്റെ ഫോർ വീൽ ഡ്രൈവ് ഓപ്ഷനാണ് ഗുരുവായൂർ നടയ്ക്കൽ കാണിക്കയായി മഹീന്ദ്ര സമർപ്പിച്ചത്. 2020 ഒക്ടോബർ രണ്ടിന് വിപണിയിൽ എത്തിയ ഈ വാഹനം ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഫോർ വീൽ ഡ്രൈവ് വാഹനമെന്ന വിശേഷം നേടിയിട്ടുണ്ട്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്.13 മുതൽ 18 ലക്ഷം വരെയാണ് വാഹനത്തിൻ്റെ വിപണിവില. 2200 സിസിയാണ് എൻജിൻ.
ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായായി ഥാര്‍ ലഭിച്ചത് ഇതിനോടകം തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഗ്ലോബർ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയതോടെയാണ് സുരക്ഷിതമായ വാഹനമെന്ന അംഗീകാരം നേടിയിരുന്നു. 2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്.
കാണിക്കയായി ലഭിച്ച ഥാര്‍ ഗുരുവായൂർ ദേവസ്വം ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ പി മോഹൻദാസ് ദിവസങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും വാഹനം ഉപയോഗിക്കുകയെന്നും പുതിയ എഡിഷനിലുള്ള ഏത് വാഹനം ഇറങ്ങിയാലും അതിലൊന്ന് ഗുരുവായൂരപ്പന് കാണിക്കയായി തരുന്ന രീതി മഹീന്ദ്രയടക്കമുള്ള കമ്പനികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.