കൊച്ചി > കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രാഥമികവാദത്തിനായി മൂന്നാഴ്ചത്തേക്ക് മാറ്റി. അപ്പീൽ ഫയലിൽ സ്വീകരിക്കാതെയാണ് ഡിവിഷൻ ബഞ്ച് നടപടി. കോടതി ചാൻസലർ കൂടിയായ ഗവർണർക്ക് നോട്ടീസ് പുറപ്പെടുവിച്ചു.
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് ആവശ്യമെങ്കിൽ കേസിൽ എതിർവാദങ്ങൾ ഉന്നയിക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ വൈസ് ചാൻസലർക്ക് നോട്ടീസയച്ചതായി കണക്കാക്കേണ്ടതില്ലന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഫയലിൽ സ്വീകരിക്കാതെ പ്രാഥമികവാദത്തിനായി മാറ്റിയത്.
സർവ്വകലാശാലക്കു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഐ വി പ്രമോദും സർക്കാരിനു വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ സി ഇ ഉണ്ണികൃഷ്ണനും കേസിൽ നോട്ടീസ് സ്വീകരിക്കുന്നതായി കോടതിയെ അറിയിച്ചു. ഗവർണർക്ക് പ്രത്യേക ദൂതൻ
വഴിയാണ് നോട്ടീസ്. നിയമനം ചോദ്യം ചെയ്ത് സിംഗിൾ ബഞ്ചിനെ സമീപിച്ച സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.