കൊച്ചി > മോൺസൺ കേസുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പ്രതികരണത്തിൽ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോട് ഹൈക്കോടതി വിശദീകരണം തേടി. ഈ മാസം 23 ന് സുദീപിനോട് കോടതിയിൽ നേരിട്ട് ഹാജരാവാനും കോടതി
നിർദേശിച്ചു.
ഡിസംബർ നാലിന് സുദീപ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് കോടതിയേയും ജഡ്ജിയേയും വിമർശിക്കുന്നതാണെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് ഷാ കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. സുദീപിന് മോൻസൺ കേസിൽ എന്താണ് താൽപ്പര്യമെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പകർപ്പ് കോടതി ഫയലിൻ്റെ ഭാഗമാക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകി.
മോൻസണിൻ്റെ മുൻ ഡ്രൈവർ അജിത് നൽകിയ പൊലീസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അജിതിന് സംരക്ഷണം ഉറപ്പാക്കിയെന്നും കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നും ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെതുടർന്ന് കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. കോടതിയുടെ വിമർശനമാണ്
ഫെയ്സ്ബുക്ക് പോസ്റ്റിന് ആധാരം.