മലപ്പുറം> ഏകീകൃത സ്കൂള്‍ വേഷത്തെ അനുകൂലിക്കുന്ന വനിതാ എംഎല്‍എമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ച് എത്തണമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം. പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആര് ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം. പുരുഷ വേഷം സ്ത്രീകളെകൊണ്ട് ധരിപ്പിക്കുകയല്ല, സ്ത്രീ വേഷം പുരുഷന്മാര് ധരിക്കുകയാണ് വേണ്ടത്. പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സ്ത്രീകള്‍ക്ക് ജൈവികമായ വ്യത്യാസമുണ്ട്. അത് നിലനിര്‍ത്തണം. വസ്ത്രം മാറിയതുകൊണ്ട് സ്ത്രീ വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല.18 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നത്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
വഖഫ് വിഷയത്തില്‍ പള്ളികളെ ഉപയോഗിച്ച് ബോധവല്‍ക്കരണം തുടരും. മുസ്ലീങ്ങളെ ബാധിക്കുന്ന വിഷയമാണ് ലീഗ് ഉയര്‍ത്തുന്നത്. അത് പള്ളികളില്‍ തന്നെ പറയും. പള്ളികളെ സമരവേദിയാക്കണമെന്നല്ല ലീഗ് പറഞ്ഞത്. ബോധവല്‍ക്കരണമാണ് ലക്ഷ്യം. അത് തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.