തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരേ ശക്തമായ എതിർപ്പുമായി സി.പി.എം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ. ഈ നീക്കം സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി മറിയം ധവളെയും പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി മഹിള അസോസിയേഷൻ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറുഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാൽ ഈ നീക്കം യഥാർത്ഥത്തിൽ വിപരീതഫലമുണ്ടാക്കും.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും. അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയംനിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.
ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദവും തെറ്റാണ്. ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികൾക്ക് മതിയായ വിഭവങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും മഹിള അസോസിയേഷൻ വ്യക്തമാക്കി.
Content Highlights: AIDWA, Uniform Minimum Marriageable Age of Girls