കൊച്ചി
രാഹുൽഗാന്ധി ജയ്പുർ റാലിയിൽ പ്രഖ്യാപിച്ച ഹിന്ദുക്കളുടെ ഗവൺമെന്റ് എന്ന ആശയം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് ലക്ഷ്യത്തെ സഹായിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നിലപാടുകൾ ബിജെപിക്കും ജമാഅത്തെ ഇസ്ലാമിക്കും വളരാനുള്ള വഴിയൊരുക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ചേർന്ന പൊതുസമ്മേളനം കളമശേരിയിലെ ടി കെ വത്സൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: മനു വിശ്വനാഥ്
ബിജെപിയുടെ വളർച്ചയ്ക്ക് പലപ്പോഴും സഹായം നൽകിയ പാർടിയാണ് കോൺഗ്രസ്. ബാബ്റി മസ്ജിദ് പൊളിക്കാൻ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് രാഹുൽഗാന്ധിയുടെ പ്രഖ്യാപനം. ഇന്ത്യയെ കോൺഗ്രസ് വിമുക്തമാക്കുമെന്ന ബിജെപി നിലപാടല്ല ആർഎസ്എസിനുള്ളത്. കോൺഗ്രസ് നിലനിൽക്കണമെന്നാണ് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് പറഞ്ഞത്. എങ്കിലേ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാകൂ എന്നാണ് ആർഎസ്എസിന്റെ കണക്കുകൂട്ടൽ. ഇത് ആപൽക്കരമാണ്.
രാഹുൽഗാന്ധിയുടെ അഭിപ്രായത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ശരിവച്ചിട്ടുണ്ട്. കോൺഗ്രസിനൊപ്പം നിൽക്കുന്ന മുസ്ലിംലീഗും മറ്റു പാർടികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ നയംമാറ്റം കേരളത്തിൽ ബിജെപിയുടെ വളർച്ചയെ സഹായിക്കും. മതതീവ്രവാദനയം സ്വീകരിച്ച മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കും. മതവർഗീയത വളർത്തി മതനിരപേക്ഷത തകർക്കാനും വീണ്ടുമൊരു വിമോചന സമരത്തിനുമാണ് പുറപ്പാടെങ്കിൽ അതിനെ നേരിടാൻ ഇടതുപക്ഷത്തിന് ശക്തിയുണ്ടെന്നും കോടിയേരി പറഞ്ഞു.