തിരുവനന്തപുരം
കാഴ്ചയുടെ വിസ്മയവും ഷോപ്പിങ്ങിന്റെ നവ്യാനുഭവവും ഒരുക്കി ഏഷ്യയിലെ ഏറ്റവുംവലിയ ഷോപ്പിങ്മാളായ ലുലു മാൾ തലസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ആക്കുളത്തെ മാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വെള്ളി രാവിലെ ഒമ്പതു മുതൽ പ്രവേശിക്കാം.
ഇന്ത്യയുടെ പാക് യുദ്ധവിജയവും ധീരസൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, എംപിമാരായ ശശി തരൂർ, ജോസ് കെ മാണി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, നടൻ മമ്മൂട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യുഎഇ വിദേശ-വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു.
കേരളത്തിലെ മറ്റൊരു സ്വപ്നപദ്ധതി യാഥാർഥ്യമാക്കിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതി സൗഹൃദ നിർമാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. കൗൺസിൽ ചെയർമാൻ വി സുരേഷ് ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും അതിഥികളും മാളിലെ സൗകര്യങ്ങൾ നേരിൽ കണ്ടു. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രയടിയിലാണ് മാൾ പണികഴിപ്പിച്ചത്.