കളമശേരി
എറണാകുളം ജില്ലയിൽ സിപിഐ എമ്മിന്റെ ബഹുജന അടിത്തറ കൂടുതൽ വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകി മൂന്നുദിവസത്തെ ജില്ലാസമ്മേളനം സമാപിച്ചു. വർഗബഹുജനസംഘടനകളിലെ അംഗത്വത്തിലെ രണ്ടരലക്ഷത്തിന്റെ വർധന രാഷ്ട്രീയ, സംഘടനാതലങ്ങളിൽ മുന്നേറ്റമാക്കാനുള്ള തീരുമാനങ്ങളുമായാണ് സമ്മേളനം പൂർത്തിയായത്.
ഏരിയകളിൽനിന്നുള്ള പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 225 പേർ സമ്മേളനത്തിൽ പങ്കെടുത്തു. 33 പേർ വനിതകളായിരുന്നു. അഞ്ചരമണിക്കൂർ പൊതുചർച്ചയിൽ 13 വനിതകൾ ഉൾപ്പെടെ 39 പേർ പങ്കെടുത്തു. ചൊവ്വ രാവിലെ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ടി എം തോമസ് ഐസക്, എം സി ജോസഫൈൻ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് എന്നിവരും മൂന്നുദിവസവും പങ്കെടുത്തു.
പി കെ പത്മനാഭനും (91) കെ എം സുധാകരനും (86) മുതൽ ബാലസംഘം ജില്ലാ പ്രസിഡന്റ് ബി അനുജ (20) വരെ പോരാട്ടങ്ങളുടെ തലമുറകൾ പ്രതിനിധികളായെത്തി. കൊച്ചി മേയർ എം അനിൽകുമാറും എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണനും കെ ജെ മാക്സിയും പി വി ശ്രീനിജിനും പ്രതിനിധികളായിരുന്നു. കെ–-റെയിലിനെതിരായ നുണപ്രചാരണങ്ങൾ തള്ളിക്കളയാനും ബിപിസിഎൽ സ്വകാര്യവൽക്കരണത്തിൽനിന്ന് പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ബ്ലൂ ഇക്കണോമി നയം പിൻവലിക്കുക, കൊച്ചി തുറമുഖത്തെ രക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.