തിരുവനന്തപുരം
കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ എക്സ്പ്രസ് ട്രെയിനിന്റെ നിരക്കിൽ പുനരാരംഭിക്കാൻ നീക്കം. പാസഞ്ചറുകളെ അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളാക്കി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാനാണ് റെയിൽവേയുടെ ശ്രമം. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ 22 പാസഞ്ചർ, മെമു സർവീസുകൾ എക്സ്പ്രസ് നിരക്കിലാണ് ഓടുന്നത്. നിർത്തലാക്കിയ 62 പാസഞ്ചറും 14 എക്സ്പ്രസും ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇതും ഘട്ടംഘട്ടമായി എക്സ്പ്രസ് ട്രെയിനുകളാക്കും. തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ പോകാൻ പാസഞ്ചർ നിരക്ക് 20 രൂപയായിരുന്നു. ഇത് എക്സ്പ്രസിൽ 40 രൂപയാണ്. റിസർവേഷൻ ഉൾപ്പെടെയാണെങ്കിൽ 55 രൂപ നൽകേണ്ടിവരും.
നിരക്ക് കൂട്ടുന്നതിനു പുറമെ കോവിഡിന്റെ മറവിൽ മുതിർന്ന പൗരൻമാരുടേത് ഉൾപ്പെടെയുള്ള യാത്രാ ഇളവുകൾ റദ്ദാക്കാനും നീക്കമുണ്ട്. ഇക്കാര്യത്തിൽ വൃക്തമായ മറുപടി നൽകാൻ റെയിൽവേ അധികൃതർ തയ്യാറല്ല. ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, ഗുരുതര രോഗികൾ എന്നിവർക്കു മാത്രമാണ് ഇപ്പോൾ ഇളവ്. മുതിർന്ന പൗരൻമാർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പൊലീസ് മെഡൽ ജേതാക്കൾ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങി അമ്പതോളം വിഭാഗത്തിന് കോവിഡിനുശേഷം ഇളവ് ലഭിക്കുന്നില്ല.