വൈത്തിരി
വയനാടിന്റെ ജീവൽപ്രശ്നങ്ങളുടെ പരിഹാരത്തിനും നാടിന്റെ മുന്നേറ്റത്തിനുമുള്ള തീരുമാനങ്ങളോടെയാണ് സിപിഐ എം വയനാട് ജില്ലാ സമ്മേളനം സമാപിച്ചത്. കർഷകരുടെയും ആദിവാസികളുടെയും പോരാട്ടങ്ങൾക്ക് സമ്മേളനം കൂടുതൽ കരുത്തുപകരും.
ജില്ലയിലെ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയും കരുത്തും സംഘടനാ ശേഷിയും തെളിയിക്കുന്നതായി സമ്മേളനം. 125 പ്രതിനിധികളും 26 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 151 പേർ പങ്കെടുത്തു. 27 പേർ 40 വയസിന് താഴെയുള്ളവരാണ്. കർഷകതൊഴിലാളി–-23, കർഷകസംഘം–-28, സിഐടിയു–-44, മഹിള –-28, യുവജനം –-15, വിദ്യാർഥി–-3, എകെഎസ്–-9, പികെഎസ്–-4, എൻആർഇജിഎ–- 8 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. പൊതുചർച്ചയിൽ 20 പേർ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു. 2017ൽ ജില്ലയിൽ ആറ് ഏരിയാ കമ്മിറ്റികളും 58 ലോക്കൽ കമ്മിറ്റികളും 724 ബ്രാഞ്ചുമാണുണ്ടായിരുന്നത്. ഇപ്പോൾ എട്ട് ഏരിയാ കമ്മിറ്റിയും 60 ലോക്കൽ കമ്മിറ്റിയും 784 ബ്രാഞ്ചുമായി. പാർടി അംഗങ്ങൾ 10,020ൽ നിന്ന് 11,286 ആയി. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ* സംസാരിച്ചു.