ലണ്ടൻ
വെസ്റ്റ്ഹാമിന്റെ പടയോട്ടത്തിന് അഴ്സണലിന്റെ കടിഞ്ഞാൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻജയങ്ങളുമായി മുന്നേറിയ വെസ്റ്റ്ഹാമിനെ രണ്ട് ഗോളിനാണ് അഴ്സണൽ തോൽപ്പിച്ചത്. ജയത്തോടെ വെസ്റ്റ്ഹാമിനെ മറികടന്ന് പട്ടികയിൽ നാലാമതുമെത്തി മൈക്കേൽ അർടേറ്റയും കൂട്ടരും.
യുവതാരങ്ങളായ ഗബ്രിയേൽ മാർടിനെല്ലിയും എമിലി സ്മിത്ത് റൊവിയുമാണ് ഗോളടിച്ചത്. 67–-ാംമിനിറ്റിൽ വ്ലാദിമർ കൗഫൽ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് വെസ്റ്റ്ഹാമിന് തിരിച്ചടിയായി.
അച്ചടക്കലംഘനത്തെ തുടർന്ന് ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കിയ പിയറി എമറിക് ഒബമയങ് അഴ്സണൽ നിരയിലുണ്ടായില്ല. അലെക്സാൻഡ്രെ ലക്കസെട്ടയാണ് പകരം അഴ്സണലിനെ നയിച്ചത്. 17 കളിയിൽ അഴ്സണലിന് 29ഉം വെസ്റ്റ്ഹാമിന് 28ഉം പോയിന്റാണ്.















