മാഡ്രിഡ്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു ക്വാർട്ടറിൽ. തായ്ലൻഡിന്റെ പൊൻപാവീ ചോചുവോങ്ങിനെ തകർത്താണ് നിലവിലെ കിരീടജേത്രിയുടെ മുന്നേറ്റം. സ്കോർ: 21–-14, 21–-18.
48 മിനിറ്റുകൊണ്ട് കളി അവസാനിപ്പിച്ചു സിന്ധു. ക്വാർട്ടറിൽ ഒന്നാംസീഡ് തായ്വാന്റെ തായ് സു യിങ്ങാണ് എതിരാളി. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും ക്വാർട്ടറിലെത്തി. ചൈനയുടെ ലു ഗുവാങ് സുവിനെ 21-–-10, 21-–-15ന് കീഴടക്കി. പുരുഷ ഡബിൾസിൽ പ്രതീക്ഷയായിരുന്നു സ്വാതിക്സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി.
ഈ സീസണിൽ രണ്ടുവട്ടം ചോചുവോങ്ങിനോട് തോറ്റ ക്ഷീണവുമായാണ് സിന്ധു എത്തിയത്. ലോക ടൂർ ഫൈനൽസിലും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും തായ്ലൻഡുകാരിയോട് കീഴടങ്ങിയ സിന്ധു പക്ഷേ, ഇത്തവണ വിട്ടുകൊടുത്തില്ല. പിഴവുകൾ ഒന്നുമില്ലാതെ തുടക്കംമുതൽ കളി പിടിച്ചു ഇരുപത്താറുകാരി.















