വെഞ്ഞാറമൂട്> മക്കൾക്ക് ജ്യൂസിൽ എലിവിഷം കലർത്തി നൽകിയശേഷം അമ്മ ആത്മഹത്യചെയ്തനിലയിൽ. വെഞ്ഞാറമൂട് വെള്ളുമണ്ണടി കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ശ്രീജ കുമാരി (26) ആണ് മരിച്ചത്. മക്കളായ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര) എന്നിവർ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ജ്യോതികയുടെ നില ഗുരുതരമാണ്. ബുധൻ ഉച്ചയോടെയാണ് മക്കൾക്ക് ജ്യൂസിൽ വിഷംചേർത്ത്നൽകിയ ശേഷം ശ്രീജയും കുടിച്ചത്. ശ്രീജയും അച്ഛൻ നന്ദനും അമ്മ രമണിയും കുട്ടികളുമാണ് വീട്ടിൽ താമസം. ഭർത്താവ് ബിജു പുണെയിൽ ടയർ കടയിലെ ജീവനക്കാരനാണ്. സംഭവസമയം വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല.
തൊഴിലുറപ്പ് കഴിഞ്ഞു വൈകിട്ടോടെ രമണി എത്തിയപ്പോഴാണ് ശ്രീജയെ അവശനിലയിൽ കണ്ടത്. ഉടനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. പക്ഷെ വിഷം കഴിച്ചകാര്യം ശ്രീജ പറഞ്ഞിരുന്നില്ല. ഈസമയം കുട്ടികൾക്കും ആരോഗ്യ പ്രശ്ങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജ്യോതിക വൈകിട്ട് സമീപത്തെ വീട്ടിൽ ട്യൂഷന് പോയിരുന്നു. അവിടെവച്ച് ഛർദിച്ചതോടെ നന്ദനെ വിവരമറിയിച്ചു. അദ്ദേഹം കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ എത്തിച്ചു. വീണ്ടും രക്തം ഛർദിച്ചതോടെയാണ് അമ്മ നൽകിയ ജ്യൂസ് കുടിച്ചതായി ഡോക്ടറോട് കുട്ടി പറഞ്ഞത്. വീട്ടുകാർ ഉടൻ തന്നെ മറ്റു രണ്ടു കുട്ടികളെയും എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിക വെന്റിലേറ്ററിലാണ്. ജ്യോതിയും അഭിനവും അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
വ്യാഴം രാവിലെ ആറോടെ ശ്രീജ മരിച്ചു. ആത്മഹ്യതയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. റൂറൽ എസ്പി വികെ മധു, ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഫോൺ കാളുകൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സി ഐ ഷൈജുനാഥ് പറഞ്ഞു.