കൊച്ചി: വീട്ടിലെ കോണിപ്പടിയുടെ ഹാൻഡ് റെയിലിൽ തലകുടുങ്ങിയ രണ്ടുവയസുകാരനെ രക്ഷിച്ച് അഗ്നിരക്ഷാ സേന. പെരുമ്പാവൂർ പീച്ചനാംമുകൾ ചാമക്കാട്ട് വീട്ടിൽ എൽദോസിന്റെ മകന്റെ തലയാണ് ഹാൻഡ് റെയിലിൽ കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ തല കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടിയെ രക്ഷിച്ചു. കമ്പിയും മറ്റും അകത്തുന്നതിനുള്ള ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഹാൻഡ് റെയ്ൽ അകത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഉമേഷ്, ഷിജോ ജേക്കബ്, ടി.ആർ.അജേഷ്, ബി.എസ്.സാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കുട്ടിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ അറിയിച്ചു. വീടുകളിൽ ഈ സംഭവം ഇതാദ്യമല്ല. പൊതു ഇടങ്ങളിൽ ഹാൻഡ് റെയിലുകൾ തമ്മിലുള്ള അകലം സംബന്ധിച്ച് നിയമമുണ്ട്. വീടുകളിലും ഹാൻഡ് റെയിലുകൾ അടുത്തടുത്ത് സ്ഥാപിച്ചാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights:two-year-old child head stuck in hand rail