കൊച്ചി> പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ, ബാങ്കിംഗ് മേഖലയിലെ സംഘടനകൾ നടത്തുന്ന ദ്വിദിന പണിമുടക്ക് ആരംഭിച്ചു. ആദ്യദിനത്തിൽ ബാങ്ക് പണിമുടക്ക് സമ്പൂർണമാണ്. രാജ്യവ്യാപകമായുള്ള പണിമുടക്കിൽ 10 ലക്ഷം
പേരാണ് പണിമുടക്കുന്നത്.
പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ബാങ്ക് ശാഖകളുടെയും പ്രവർത്തനം സ്തംഭിച്ചു. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ 7000 ത്തോളം ശാഖകളിലെ 45000 ജീവനക്കാരും ഓഫീസർമാരും പണിമുടക്കി.
പണിമുടക്കിയ ജീവനക്കാർ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികൾ പ്രകടനത്തിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു. സംസ്ഥാനത്ത് പണിമുടക്ക് സമ്പൂർണമാക്കി കേന്ദ്ര സർക്കാരിന് ശക്തമായ താക്കീത് നൽകിയ മുഴുവൻ ബാങ്ക് ജീവനക്കാരെയും ഓഫീസർമാരേയും ബി.ഇ.എഫ്.ഐ.സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ് എസ് അനിലും അഭിവാദ്യം ചെയ്തു.