തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയ ബന്ധിതമായി തീര്‍ക്കാനും പരിപാലനം ഉറപ്പുവരുത്താനും സുതാര്യത ഉറപ്പുവരുത്താനുമായി വിവിധ തലത്തില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ചുമതല നല്കി പ്രവൃത്തികള്‍ നിരീക്ഷിക്കുകയും പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യുന്ന സംവിധാനത്തിന് തുടക്കമാവുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പൊതുമരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് വിലയിരുത്തുകയാണ് വേണ്ടത്. റോഡ്സ്, ബ്രിഡ്ജ്സ്, മെയിന്റനന്‍സ്, പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം , ബില്‍ഡിംഗ്സ് വിഭാഗങ്ങളിലെ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന Constituency Monitoring Team ന് വകുപ്പ് രൂപം നല്‍കുകയാണ്.
ഓരോ മണ്ഡലത്തിലേയും നിലവിലുള്ള റോഡുകള്‍, പാലങ്ങള്‍ , കെട്ടിടങ്ങള്‍, റസ്റ്റ് ഹൗസ് എന്നിവയും നിര്‍മാണ സ്ഥലങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥന് സന്ദര്‍ശിച്ച് പരിശോധന നടത്തുകയാണ് വേണ്ടത്. പൊതുമരാമത്ത് വകുപ്പ് മാന്വലില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവൃത്തികള്‍ വിലയിരുത്തേണ്ടതിനെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. പ്രവൃത്തി കൃത്യമായി നടക്കുന്നുണ്ടോ, പ്രവൃത്തി പൂര്‍ത്തിയായിടത്ത് പരിപാലനം നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കാനും അതില്‍ ഫോളോ അപ്പ് നടത്താനും ഇവര്‍ക്ക് കഴിയും.
മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇവര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കും. പ്രവൃത്തി പുരോഗതി കൃത്യമാണോ എന്നറിയാനും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് മനസിലാക്കാനുമാണ് ഈ സംവിധാനം. നിലവില്‍ റോഡുകളുടെ പരിപാലനത്തില്‍ പ്രശ്നമുണ്ടോ, ഗതാഗത യോഗ്യമാണോ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാനാകും.
പ്രവൃത്തി കാര്യക്ഷമമായി മുന്നോട്ടുപോകാന്‍ ഫീല്‍ഡിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കൂടിയാണ് ഈ സംവിധാനം.പുതുവര്‍ഷത്തില്‍ പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന പി ഡബ്ല്യു ഡി മിഷന് ടീം യോഗം പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറാക്കി. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവരുടെ യോഗം കൂടി ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മാന്വല്‍ ക്ലോസ് 2105 പ്രകാരം 15 ലക്ഷത്തിനു മുകളിലുള്ള പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളില്‍ അതാത് ഓവര്‍സിയര്‍മാര്‍ വര്‍ക്ക് സ്പോര്‍ട് ഓര്‍ഡര്‍ രജിസ്റ്റര്‍ സൂക്ഷിക്കണം എന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ഈ രജിസ്റ്ററില്‍ പ്രവൃത്തിയുടെ ദൈനംദിന പുരോഗതിയും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിവരവും രേഖപ്പെടുത്തണം.ഇതോടൊപ്പം പ്രവൃത്തി പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പൊതുമരാമത്ത് മാനുവലില്‍ റോഡ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ അവരുടെ പരിധിയില്‍ വരുന്ന റോഡുകള്‍ പരിശോധിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ ശരാശരി 180 കിലോ മീറ്റര്‍ റോഡ് ഇത്തരത്തില്‍ പരിശോധിക്കേണ്ടി വരും . അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ 500 കിലോമീറ്റര്‍ റോഡുകളും പരിശോധിക്കണം.ഈ സംവിധാനവും കൂടുതല്‍ കാര്യക്ഷമമാവുകയാണ്.അവര്‍ അധികാര പരിധിയിലുള്ള റോഡുകള്‍ സന്ദര്‍ശിച്ച് അതിന്റെ റിപ്പോര്‍ട്ട് വീഡിയോ, ഫോട്ടോ എന്നിവ അടക്കം ലഭ്യമാക്കേണ്ടതുണ്ട്
ഇതിനായി ഒരു സോഫ്റ്റ് വെയര്‍ കൂടി തയ്യാറാകുന്നുണ്ട്.ഇത് കൂടി സജ്ജമാകുന്നതോടെ നിര്‍മാണം, പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ കുറേക്കൂടി സിസ്റ്റമാറ്റിക് ആയി കാര്യങ്ങള്‍ നടത്താനാകുമെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയും 2022 ജനുവരി മാസം മുതല്‍ പ്രാബല്യത്തില്‍ വരും.