രാജ്യങ്ങളുടെ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, സംസ്കാരം എന്നിവ കണക്കിലെടുത്താണ് ഓരോ സ്ഥലങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ശൈത്യകാലത്ത് ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയിൽ ഈ സമയത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. അതിനാൽ തന്നെ തുറസായ സ്ഥലങ്ങളിലാണ് ക്രിസ്മസ് ആഘോഷിക്കുക.
കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ചൈനയിൽ ഹോളി ബർത്ത് ഫെസ്റ്റിവൽ അല്ലെങ്കിൽ ഷെങ് ഡാൻ ജീഹ് എന്നാണ് ക്രിസ്മസ് അറിയപ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലെ ശ്രദ്ധേയമായ സാന്താക്ലോസിനെ ഭാഗ്യമായിട്ടാണ് ചൈനക്കാർ കരുതുന്നത്. പ്രാദേശിക വിഭവങ്ങളായിരിക്കും ക്രിസ്മസിൽ ചൈനയിൽ വിളമ്പുക.
ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. മഞ്ഞ് കാലത്ത് എത്തുന്ന ക്രിസ്മസിന് വൻ സ്വീകരണമാണ് ഇംഗ്ലീഷുകാർ നൽകുന്നത്. വീടുകളിൽ ക്രിസ്മസ് ട്രീകൾ സജ്ജമാക്കും. തണുത്ത കാലാവസ്ഥയായതിനാൽ മാംസാഹരങ്ങളാണ് കൂടുതലായി വിളമ്പുക. ഫ്രാൻസിലെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമാണ്. സാന്താക്ലോസ് സമ്മാനം നൽകുമെന്ന വിശ്വാസത്തിൽ ഡിസംബർ അഞ്ചിന് കുട്ടികൾ അവരുടെ ഷൂസ് വീട്ടിലെ നെരിപ്പോടിന് സമീപത്ത് കൊണ്ടുവന്ന് വെക്കും എന്നതാണ് പ്രത്യേകത. സാന്താക്ലോസ് ഷൂസിൽ സമ്മാനം കൊണ്ടുവന്ന് വെക്കുമെന്നാണ് കുട്ടികളുടെ വിശ്വാസം. മതപരമായ ആഘോഷമായിട്ടല്ല ജപ്പാനിൽ ക്രിസ്മസ് ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒത്തുകൂടാനും സമ്മാനങ്ങളും ക്രിസ്മസ് കാർഡുകളും കൈമാറാനുള്ള ദിനമായിട്ടാണ് ക്രിസ്മസിനെ ജപ്പാൻകാർ കാണുന്നത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് ജപ്പാൻകാർ ക്രിസ്മസ് ആഘോഷിക്കുന്നത്. സ്പോഞ്ച് കേക്കാണ് ഇവരുടെ ക്രിസ്മസ് മധുരപലഹാരം.
മതപരമായ ആചാരങ്ങളുടെ ദിനങ്ങൾ കണക്കാക്കാൻ പഴയ ജൂലിയൻ കലണ്ടർ പിന്തുടരുന്ന റഷ്യയിൽ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഡിസംബർ 31മുതൽ ജനുവരി പത്ത് വരെയാണ് ഇവിടുത്തെ ഔദ്യോഗിക ക്രിസ്മസ് അവധി. ജനുവരി ആറിന് വൈകുന്നേരം നക്ഷത്രങ്ങൾ ആകാശത്ത് പ്രത്യക്ഷമാകുന്നതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകും. തറയില്‍ വൈക്കോല്‍ വിതറുക, കോഴികളെപ്പോലെ കൂകുക തുടങ്ങി നിരവധി രസകരമായ ആചാരങ്ങളും റഷ്യക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വരും വർഷങ്ങളിൽ കാർഷികമേഖലയിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് ഈ രീതിയിലൂടെ റഷ്യക്കാർ വിശ്വസിക്കുന്നത്.
ആകെ ജനസംഖ്യയുടെ 80 ശതമാനത്തോളം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിൽ സെപ്റ്റംബറിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കും. ക്രിസ്മസ് എത്തുന്നതിൻ്റെ ഭാഗമായി കരോൾ സംഘവുമായി ഇറങ്ങുന്നതാണ് ഗ്രീക്കുകരുടെ രീതി. പോർക്കും ക്രിസ്മസ് ബ്രഡുമാണ് ക്രിസ്മസ് ദിനസത്തിലെ ഇവരുടെ പ്രധാന ഭക്ഷണം. മറ്റ് രാജ്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ചെക് റിപ്പബ്ലിക്കിലെ ക്രിസ്മസ് ആഘോഷം. അവിവാഹിതരായ പെൺകുട്ടികൾ തങ്ങളുടെ തോളിന് മുകളിലൂടെ ചെറുപ്പെറിയുന്നതാണ് അതിലൊന്ന്. ചെരുപ്പിൻ്റെ മുൻഭാഗം വാതിലിന് അഭിമുഖമായാണ് വീഴുന്നതെങ്കിൽ വരുന്ന വർഷം വിവാഹം നടക്കുമെന്നാണ് വിശ്വാസം. ക്രിസ്മസ് ദിനത്തിൽ പ്രണയിനിക്ക് അലങ്കരിച്ച ആപ്പിൾ നൽകുന്നതാണ് ക്രൊയേഷ്യയിലെ ആഘോഷം. നവംബർ 25 മുതലാണ് ഇവിടെ ആഘോഷം ആരംഭിക്കുന്നത്. വൈക്കോല്‍ കൊണ്ടും നിത്യഹരിത സസ്യങ്ങള്‍ കൊണ്ടും പുഷ്പചക്രം നിർമ്മിക്കുന്നതാണ് ഇവിടുത്തെ മറ്റൊരു രീതി.
‘ഗാന’ എന്ന പേരിലാണ് എത്യോപിയയിലെ ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസിന് 43 ദിവസങ്ങൾക്ക് മുൻപ് ആഘോഷം ആരംഭിക്കും. വെള്ള വസ്ത്രമാണ് ആഘോഷത്തിൽ പങ്ക് ചേരുന്നവർ ധരിക്കുക. ദേവാലയങ്ങളോട് ചേർന്നുള്ള ആഘോഷങ്ങളാണ് ഇതിൽ പ്രധാനം. ഇറച്ചിയും പച്ചക്കറികളും ചേർത്ത് തയ്യാറാകാത്ത ‘വാറ്റ്’ ആണ് ഇവിടുത്തെ പ്രധാന ക്രിസ്മസ് ആഘോഷം.