ബാഴ്സലോണ > അര്ജന്റീന ഫുട്ബോള് താരം സെര്ജിയോ അഗ്യുറോ ക്ലബ്, അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. ബാഴ്സലോണയില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് വിരമിക്കല് പ്രഖ്യാപിച്ചത്. ഹൃദ്രോഗം സ്ഥിരീകരിച്ചതോടെയാണ് അഗ്യുറോ കളി മതിയാക്കാന് തീരുമാനിച്ചത്. 18 വര്ഷത്തെ ഫുട്ബോള് കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. വിരമിക്കല് പ്രഖ്യാപനത്തിനിടെ താരം വിതുമ്പിക്കരഞ്ഞു.
33കാരനായ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ആറുമാസം മുമ്പാണ് ബാഴ്സലോണയിലേക്ക് എത്തിയത്. ഒക്ടോബർ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിന് പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് കരിയർ അവസാനിപ്പിച്ചേക്കുമെന്ന വാർത്തകൾ വന്നുതുടങ്ങിയത്. അർജൻറീന മുൻനിര ക്ലബായ ഇൻഡിപെൻഡിയൻറിൽ കരിയറിന് തുടക്കം കുറിച്ച താരം 2006ൽ അത്ലറ്റിക്കോ മഡ്രിഡിലെത്തി. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിലും.
മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി 390 കളികളിൽ 260 ഗോളുകളുമായി മുൻനിര ഗോൾവേട്ടക്കാരിലൊരാളായി. അതിൽ 184ഉം പ്രീമിയർ ലീഗിലാണെന്ന സവിശേഷതയുമുണ്ട്. ചെൽസിയോട് തോൽവി വഴങ്ങിയ ചാമ്പ്യൻസ് ലീഗ് കിരീടപ്പോരിലായിരുന്നു സിറ്റി കുപ്പായത്തിൽ അവസാന മത്സരം. ലയണൽ മെസിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് മാഞ്ചസ്റ്റർ സിറ്റി വിട്ട് അഗ്വേറോ സീസണിൽ ബാഴ്സയിൽ എത്തിയത്. തുടക്കം പരിക്കേറ്റ് പുറത്തിരുന്നു. ഇതിനിടെ മെസി ബാഴ്സ വിടുകയും ചെയ്തു. അഞ്ചു കളിയിൽമാത്രമേ ബാഴ്സ കുപ്പായമണിഞ്ഞുള്ളൂ. കളിജീവിതത്തിൽ ആകെ 786 മത്സരങ്ങളിൽ 427 ഗോളടിച്ചിട്ടുണ്ട്.