മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ മേൽനോട്ട സമിതിയുണ്ടെന്ന നിലപാടാണ് ജസ്റ്റിസ് എം എം ഖാൻ വിൽക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പരാതികൾ ലഭിച്ചാൽ അടിയന്തരമായി അതിൽ തീരുമാനമെടുക്കാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി പറയുകയും ചെയ്തു.
പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന കേരളത്തിൻ്റെ അഭിഭാഷകൻ്റെ വാദത്തെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൻ്റെ പ്രതിനിധിയും ഉൾപ്പെടുന്നതാണ് മേൽനോട്ട സമിതി. മേൽനോട്ട സമിതിയിൽ വീഴ്ചയുണ്ടായാൽ അത് കേരളത്തിൻ്റെ അംഗത്തിൻ്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയമുണ്ടാകാം. ആ രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. അണക്കെട്ടിൻ്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല. ആവശ്യങ്ങളും പരാതികളും മേൽനോട്ട സമിതിയെ അറിയിക്കണം. അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കണമെന്നും കേരളത്തോട് സുപ്രീം കോടതി പറഞ്ഞു.