ഇന്ന് അക്കാദമിക്ക് രാഷ്ട്രീയം ചർച്ച ചെയ്യുന്നത് മുജാഹിദ് ബാലുശേരിമാരാമെന്നും അവരാണ് തീരുമാനം എടുക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഇത് തടയണമെന്നും അല്ലെങ്കിൽ കേരളം വീണ്ടും പിറകിലാകുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് ബാലുശേരി സ്കൂളിൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനെതിരെ വലതുപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
“ജെന്റർ ന്യൂട്രൽ യൂണിഫോം ഒരു പാട് ചർച്ചകൾക്ക് ശേഷം കേരളം തീരുമാനിച്ചതാണ്. ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നു. എന്റെ മകൾ തമന്ന പഠിച്ച മംഗ്ലൂരു സ്കൂൾ എത്രയോ കാലം മുമ്പ് ഇത് നടപ്പിലാക്കിയതാണ്. മകൾ പറയുന്നത് പപ്പാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്കൂൾ യൂണിഫോം ആയിരുന്നു എന്നാണ്.”
“കേരളം എല്ലാറ്റിലും പിറകിലായിരുന്നു. ഇയ്യിടെ ഗവർണർ പറഞ്ഞില്ലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളരെ പിന്നിലാണെന്ന്,
അത് സത്യമാണ്. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയും ബെംഗളുരു യൂണിവേഴ്സിറ്റിയും ഐടി വിഷയം സിലബസിൽ ഉൾപ്പെടുത്തിയതിന് പിറകെ ഒരു പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അത്തരം
കോഴ്സുകൾ ആലോചിച്ചത് (അക്കാദമിക്ക് കൗൺസിലുകളിലെല്ലാം കട്ട സഖാക്കൾ ആയിരുന്നു.). ഇവിടുത്തെ അക്കാദമിക്ക്
കൗൺസിൽ അംഗങ്ങളും, സിന്റികേറ്റും, സെനറ്റും അധ്യാപകരുടെയും ജീവനക്കാരുടെ സേവന വേതന വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്തിരുന്നുള്ളൂ ഇവിടെ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ട്രേഡ് യൂണിയനിസമാണ്. അഥവാ തൊഴിലാളിവർഗ്ഗ രാഷ്ടീയം. നമ്മളതിനെ ഇടത് പുരോഗമന രാഷ്ട്രീയം എന്ന് തെറ്റിധരിച്ചു. ഇന്ന് ഇപ്പോൾ മുജാഹിദ് ബാലിശ്ശേരിമാരാണ് അക്കാദമിക് രാഷ്ട്രീയം ചർച്ച ചെയ്യുന്നത്,
അവരാണ് തീരുമാനമെടുക്കുന്നത്. ഇത് തടയുന്നില്ലെങ്കിൽ കേരളം വീണ്ടും പിറകിലാകും കഷ്ടപെടും.”
അതേസമയം ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലിംഗഭേദമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ “ഇപ്പോൾ അല്ലെങ്കിൽ പിന്നെപ്പോൾ എന്റെ കുഞ്ഞുങ്ങളെ..” എന്ന കുറിപ്പോടെ വിദ്യാർത്ഥിനികളുടെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.