തിരുവനന്തപുരം:കണ്ണൂർ സർവകലാശാലാ വി.സി. നിയമനം സംബന്ധിച്ച് ഗവർണർക്ക്കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തുപോകുന്നില്ലെങ്കിൽ അവരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാൻസലർക്ക് സർവ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനർ നിയമനം നൽകാനും ഗവർണ്ണർ കൂടിയായ ചാൻസലറിൽ മന്ത്രി സമ്മർദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണ്ണർ, സർവ്വകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്.കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഇത്തരത്തിൽ ഗവർണ്ണറിൽ സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവ്വകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ല.മാത്രമല്ല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ അധികാരവുമില്ല.അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്നുംരമേശ് ചെന്നിത്തല കത്തിൽ പറയുന്നു.