ഇടുക്കി: സിപിഎം വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെ കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രൻ. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉൾപ്പെടെയുള്ള മുൻ മന്ത്രി എം.എം മണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണ്. കൂടുതൽ പ്രതികരണങ്ങൾ പിന്നീട് നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എം മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി രാജേന്ദ്രനെതിരെ ഉന്നയിച്ചത് അതിരൂക്ഷമായ വിമർശനങ്ങളാണ്. അത് പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ അതോ പാർട്ടി ഘടകത്തിലായിരുന്നോ എന്ന് എം.എം മണി പരിശോധിക്കട്ടേയെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. പാർട്ടിക്ക് നൽകിയ കത്തിൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് സംഘടനാപരമായി നടപടിയുണ്ടാകുമെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും കഴിഞ്ഞ ദിവസം മണി പറഞ്ഞിരുന്നു. പാർട്ടി അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തിയതിനെതിരേയും വിമർശനം ഉന്നയിച്ചിരുന്നു. മൂന്ന് തവണ എംഎൽഎ സ്ഥാനം ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ പാർട്ടിയാണ് രാജേന്ദ്രന് നൽകിയത്. എന്നിട്ടും സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രാജേന്ദ്രൻ നേരിടുന്ന ആരോപണം. ആരോപണമുയർന്നതിനാലാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. എ. രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.
എം.എം. മണിയുടെ വാക്കുകൾ
കുടിക്കുന്ന വെള്ളം മോശമാക്കിയതു പോലെയുള്ള പ്രവർത്തനമാണ് രാജേന്ദ്രൻ ചെയ്യുന്നത്. ഞാൻ ചെത്തുകാരന്റെയും രാജേന്ദ്രൻ തോട്ടംതൊഴിലാളിയുടെയും മകനാണ്. ഇപ്പോൾ ഈ സ്ഥാനത്ത് എത്തിച്ചത് സി.പി.എം. എന്ന മഹാപ്രസ്ഥാനമാണ്. എന്നെ ഒരുതവണ മന്ത്രിയാക്കി, ഇപ്പോൾ എം.എൽ.എയും. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവർത്തിച്ച മന്ത്രിമാരെല്ലാം മാറിനിൽക്കാൻ പാർട്ടി പറഞ്ഞു. പുതിയവർ എത്തി. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞോ? പാർട്ടിയോടു കൂറുവേണം. മൂന്നു തവണ എം.എൽ.എ., ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച രാജേന്ദ്രൻ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന് പാർട്ടിക്ക് വ്യക്തതയുണ്ടായിരുന്നു. അതിനാൽ മാറ്റിനിർത്തി. മത്സരിച്ച സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നു. കമ്മിഷനെ വെച്ചു. റിപ്പോർട്ട് ലഭിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
സ്വന്തം പ്രദേശമായ മൂന്നാർ മേഖലയിലെ ഒരു സമ്മേളനത്തിൽപ്പോലും അയാൾ പങ്കെടുത്തില്ല. ആരുടെയും വകയല്ല ഈ പാർട്ടി, എം.എം. മണിയുടെതും അല്ല. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധം ഇടയ്ക്കിടെ ചില പത്രങ്ങൾക്ക് അയാൾ അഭിമുഖംനൽകും. രാജേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, നിർത്തിക്കോളുക, വിട്ടുവീഴ്ചയില്ല. എല്ലാം അനുസരിച്ച് പാർട്ടിക്ക് വിധേയനായി പോയാൽ നല്ലത്. രാഷ്ട്രീയബോധം ഉണ്ടായിരുന്നു. ഇപ്പോൾ ബോധം തെറ്റിപ്പോയി. 15 വർഷം എം.എൽ.എ. ആയതിനാൽ മരിച്ചാലും എം.എൽ.എ. പെൻഷൻ കിട്ടും. ഈ പാർട്ടി ഇതിൽ കൂടുതൽ എന്തുചെയ്യണം? എന്നിട്ട് ഒരു മാതിരി പണി കാണിക്കരുത്. വേറെ മാർഗം നോക്കുകയാണ് നല്ലത്. നടപടിയെടുത്താലും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നവർ ഇല്ലേ. പാർട്ടി സമ്മേളനങ്ങളിൽ എസ്. രാജേന്ദ്രൻ എന്താണ് പങ്കെടുക്കാത്തത് എന്ന് അണികൾ ചോദിച്ചുവോ. ചോദിക്കണം. ആർജവമുള്ള പാർട്ടിക്കാർ സമ്മേളനത്തിൽ ഇക്കാര്യം നല്ല രീതിയിൽ ചർച്ച നടത്തണം.
Content Highlights: S rajendran on comments made by mm mani against him