കൊച്ചി > കണ്ണുര്‍ യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അമിത് റാവല്‍ തളളി. വിസി നിയമനം ശരിവെച്ച കോടതി, ഹര്‍ജി ഫയലില്‍ സ്വീകരിച്ചുപോലുമില്ല.
ഹര്‍ജി നിലനില്‍ക്കില്ലന്നും പൊതുതാല്പര്യ ഹര്‍ജിയായാണ് പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനര്‍ നിയമനമാണ് നടന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തേ ഹര്‍ജിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന് നല്കിയ കത്ത് ഹാജരാക്കാന്‍ ഹര്‍ജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, കത്തിന് കേസില്‍ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ വിധിപറയാന്‍ മാറ്റിയിരുന്നു.