ബാലുശേരി: ജൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ യൂണിഫോം പരിഷ്കാരം അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് ബാലുശ്ശേരി ഗവ. ഗേൾസ് സ്കൂൾ അധികൃതർ പിന്മാറണമെന്ന് എസ്.എസ്.എഫ്(സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ബാലുശ്ശേരി ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് നിവേദനവും നൽകി.
ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. പ്രസ്താവനയിലൂടെ പറഞ്ഞു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതിന്റെ പ്രതിവിധികളെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്.എസ്.എഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. എം.എസ് മുഹമ്മദ്, ബാലുശേരി ഡിവിഷൻ ജനറൽ സെക്രട്ടറി നൗഫൽ കുറുമ്പോയിൽ, സെക്രട്ടറി സൽമാൻ കൊടശ്ശേരി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Content Highlights:sunni students federation ssf against gender neutraluniform in balussery school