തിരുവനന്തപുരം: സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേരൂക്ഷ വിമർശനം. മന്ത്രിസഭാ രൂപീകരണത്തിലും പോലീസ് ഭരണത്തിലെ വീഴ്ചകളിലുമാണ് സമ്മേളനത്തിലെ പൊതുചർച്ചയിൽ അതിരൂക്ഷ വിമർശനമുയർന്നത്. മുട്ടിൽ മരംമുറി വിവാദത്തിന് പിന്നിൽ സിപിഐയും റവന്യു വകുപ്പുമാണെന്നും വിമർശനം ഉയർന്നു. മന്ത്രിസഭാ രൂപീകരണത്തിൽ പുതുമുഖങ്ങളെ മാത്രം പരിഗണിച്ചതിലും പോലീസ് ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തുടർഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് കാട്ടാക്കട ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഏരിയ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധി വിമർശിച്ചത്. നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയർന്നു. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികൾ വിമർശിച്ചു.
ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആർ.എസ്.എസുകാരാണ്. ഉദ്യോഗസ്ഥതലത്തിൽ ആർഎസ്എസ് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐയും അവർ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് പ്രതിസ്ഥാനത്ത്. നിർണായക സമയത്തെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാർഥ സ്ഥിതി തുറന്നുകാണിക്കാൻ പാർട്ടി തയ്യാറാകണമായിരുന്നു. ഇതിന് സർക്കാരോ പാർട്ടിയോ തയ്യാറായില്ല. റവന്യു വകുപ്പിൽ നടക്കുന്നത് പണപ്പിരിവാണെന്നും വിമർശനം ഉയർന്നു.
പൊതുസമൂഹവും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണങ്ങളിൽ പലതും ഏരിയ സമ്മേളത്തിലെ പൊതുചർച്ചയിലും ഉയർന്നുവന്നു. മന്ത്രിസഭാ രൂപീകരണത്തിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കുന്നതിനെതിരേ അന്ന് തന്നെ ചർച്ചകൾ ഉയർന്നുവന്നിരുന്നു. പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിർത്തിയത് മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമർശനം. തീരുമാനങ്ങൾ പാർട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പിക്കാരന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചർച്ച ലക്ഷ്യമിടുന്നത്.
കെ റെയിൽ പദ്ധതി സംബന്ധിച്ചും വിമർശനമുണ്ട്. കെ റെയിൽ പദ്ധതിയുടെ ഓഫീൽ ഡെപ്യൂട്ടി മാനേജരായി ജോൺ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമർശനമുണ്ട്. ശക്തമായ വിഭാഗീയത നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നത്. സ്പോർട്സ് കൗൺസിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാർശ നൽകിയതിന് കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ചതോടെയാണ് ജില്ലയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.
Content Highlights: cpm kattakada area conference criticizes cm pinarayi vijayan