കൊച്ചി
മൃദു വർഗീയത ഉപേക്ഷിച്ച് ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും തീവ്ര വർഗീയനിലപാടിലേക്ക് മുസ്ലിംലീഗ് മാറിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ലീഗിന്റെ മുൻനിലപാടുകളിൽനിന്നുള്ള മാറ്റം വഖഫ് പ്രതിഷേധത്തിലൂടെ പ്രകടമായി. വർഗീയപ്രീണനത്തിലൂടെ കോൺഗ്രസിനുണ്ടായ തകർച്ചയാണ് ലീഗും നേരിടാൻപോകുന്നത്. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം കളമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ഇതുവരെ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും തീവ്രവർഗീയ നിലപാടുകളെ പിന്തുണച്ച മുസ്ലിംലീഗ്, ഇപ്പോൾ അത്തരം അജൻഡകൾ സ്വയം ഏറ്റെടുക്കുകയാണ്. സമാധാനകാംക്ഷികളായ മതസംഘടനാ നേതാക്കൾക്കെതിരെപ്പോലും ലീഗ് തീവ്രനിലപാടെടുക്കുന്നു. ഒപ്പമുള്ള ജനവിഭാഗങ്ങളെ തീവ്രവാദത്തിലേക്ക് എറിഞ്ഞുകൊടുക്കാനാണ് ശ്രമം. അത് ലീഗ് അണികൾ തിരിച്ചറിയണം.
മതവൈരമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കത്തിനെതിരെ ലീഗിൽ ചെറുത്തുനിൽപ്പ് ഉയരുന്നുണ്ട്. ന്യൂനക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. ലീഗ് അണികൾ നേതൃത്വത്തിന്റെ വർഗീയ നീക്കത്തെ ചെറുക്കും. മൃദു ഹിന്ദുത്വ പ്രീണനത്തിലൂടെ കോൺഗ്രസിന് അണികളെ നഷ്ടപ്പെട്ട അവസ്ഥ ലീഗിനുമുണ്ടാകും. വർഗസമരത്തിലൂടെ കർഷകരും തൊഴിലാളികളും നേടിയെടുത്തതെല്ലാം വർഗീയ ധ്രുവീകരണത്തിലൂടെ ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. അവർക്ക് നയപരിപാടികളിലൂടെ ജനത്തെ ആകർഷിക്കാനാകില്ല. പകരം എല്ലാം വർഗീയവൽക്കരിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുന്നു. സിൽവർലൈനിനെതിരെ ജമാഅത്തെ ഇസ്ലാമിയും ബിജെപിയും നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണ് യുഡിഎഫ്. സംസ്ഥാന വികസനപദ്ധതികളെ തകർക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് ചെറുക്കേണ്ടത്. എന്നാൽ, കേരളത്തോടുള്ള കേന്ദ്ര അവഗണനയെ പിന്തുണയ്ക്കുകയാണ് ഇവരെന്നും പിണറായി വിജയൻ പറഞ്ഞു.
ബദലാകാൻ കോൺഗ്രസിനാകില്ല
ഹിന്ദു സർക്കാർ എന്ന ആശയം ജയ്പുർ റാലിയിൽ മുന്നോട്ടുവച്ച രാഹുൽഗാന്ധി കോൺഗ്രസിന്റെ വർഗീയപ്രീണന നയം അരക്കിട്ടുറപ്പിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് വീണ്ടും വ്യക്തമായി. നേതാക്കളും അണികളും ബിജെപിയിലേക്ക് പോയിട്ടും തിരുത്താൻ തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ജനങ്ങൾ വിശ്വസിക്കാത്തത് ഇതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.