വഖഫ് വിഷയത്തിൽ ഒരു വിഭാഗം കുറച്ച് ദിവസമായി ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയിൽ കുഴപ്പം ഉണ്ടാക്കുകയാണ്. വഖഫ് ബോർഡിലെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസമായി ഒച്ചപ്പാട് തുടരുകയാണ്. വഖഫിൻ്റെ സ്വത്തുക്കൾ കയ്യുക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുതെന്നും അങ്ങനെയുണ്ടെങ്കിൽ തിരിച്ച് പിടിക്കുകയുമാണ് വേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.
വഖഫ് ബോർഡിലെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥകൾ പറയുകയും ചെയ്തു. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റിൽ പറത്തപ്പെട്ടത് പോലെ മുസ്ലീം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥയുണ്ടാകാൻ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങൾ പറയുകയും ചെയ്തിട്ടുണ്ടെന്ന് എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ച് പിടിക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. അർഹമായ വഴിക്കാകണം സ്വത്തുക്കൾ ചെലവഴിക്കാൻ. ഏതെങ്കിലും ശക്തിയുള്ളവർക്ക് അത് മാറ്റിച്ചെലവഴിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം ലീഗിൻ്റെ പേരെടുത്ത് പറയാതെയായിരുന്നു അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. വഖഫ് വിഷയത്തിൽ സർക്കാർ സ്വീകരിച്ച തീരുമാനം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലീഗ്.