കൊച്ചി > നിർബന്ധിത ലിംഗമാറ്റത്തിനെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ട്രാൻസ്ജെൻഡർമാരെ ഡോക്ടർമാർ ലിംഗമാറ്റത്തിന് നിർബന്ധിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മലയാളി ട്രാൻസ്ജെൻഡേഴ്സിനെ പ്രതിനിധീകരിക്കുന്ന ക്വീറല എന്ന സംഘടനയും തൃശൂർ സ്വദേശിയായ ഒരു ട്രാൻസ്ജെൻഡറും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
ലിംഗമാറ്റത്തിന് സംസ്ഥാനത്ത് സമഗ്ര മാർഗനിർദേശമുണ്ടാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. വിഷയം പഠിക്കാൻ വിദഗ്ധ സമിതിയുണ്ടാക്കാനും റിപ്പോർട്ടിൽ അഞ്ചുമാസത്തിനകം നടപടി എടുക്കാനും കോടതി നിർദേശിച്ചു. മാർഗനിർദേശം തയ്യാറാക്കുമ്പോൾ ഹർജിക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും കേൾക്കാനും നിർദേശിച്ചിട്ടുണ്ട്.
ലിംഗമാറ്റത്തിന് നിർബന്ധിക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. പരാതി ഉണ്ടായാൽ നടപടി എടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.