കൽപ്പറ്റ > രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ചരിത്രം രേഖപ്പെടുത്തുന്ന പ്രസംഗത്തിലൂടെ കോൺഗ്രസ്സിനെയും അതിന്റെ പാരമ്പര്യത്തെയും അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. സിപിഐ എം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന് ആഗ്രഹമുള്ള ആശയം മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ് രാഹുൽ ചെയ്തത്. രാഹുൽ പറഞ്ഞത് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെങ്കിൽ മൻമോഹൻസിങ്ങിനും എന്തിന് ജവഹർലാൽ നെഹ്റുവിന് പോലും പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു. കാരണം താനൊരു ഹിന്ദുവല്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി നിലകൊള്ളുന്ന ബിജെപിയെ നേരിടാൻ ഹിന്ദുരാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് ലജ്ജാകരവും ശുദ്ധ വിഡ്ഡിത്തവുമാണ്. മതം ഇന്ത്യയുടെ ഭരണത്തിലേറാനുള്ള മാനദണ്ഡമല്ല. ദൈവനാമത്തിലും ദൃഢപ്രതിജ്ഞയിലൂടെയും സത്യപ്രതിജ്ഞ ചെയ്യാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടന അത് അനുവദിക്കുന്നുണ്ട്. ഭരണഘടനാ തത്വങ്ങൾ അറിയാത്തതുകൊണ്ടായിരിക്കില്ല രാഹുൽ ഗാന്ധിയുടെ പ്രസ്താവന. മതവർഗീയതയുടെ പക്ഷത്തുതന്നെയാണ് തങ്ങളെന്ന് പറഞ്ഞുവയ്ക്കുകയാണ്. കോൺഗ്രസിൽ ജനാധിപത്യം പൂർണമായും ഇല്ലാതായിരിക്കയാണ്. സോണിയയും രാഹുലും പ്രിയങ്കയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കപിൽ സിപൽ, ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരോടൊക്കെ ആലോചിച്ചിരുന്നുവെങ്കിൽ രാഹുൽ ഇത്ര വലിയ വിഡ്ഡിത്തം പറയില്ലായിരുന്നു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റേത് അസാധരണ നീക്കമാണ്. ഇത്തരം രീതി ഗവർണർമാരിൽനിന്നും ആരും പ്രതീക്ഷിക്കാത്തതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം ഏറെ മെച്ചമാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയും അമേരിക്കയും സഹകരിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ച് സ്ഥാപനങ്ങളെയാണ് തെരെഞ്ഞെടുത്തത്. അതിൽ മൂന്ന് ഐഐടികളും ഒരു ഐഐഎമ്മും കഴിഞ്ഞാൽ അഞ്ചാമതൊരു കേന്ദ്രമായി തെരെഞ്ഞെടുത്തത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെന്ററിനെയായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി സന്ദർശിച്ച മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നൂറിൽ നൂറ് മാർക്കും നൽകിയാണ് തിരികെപോയത്. ഇതൊന്നും നമ്മുടെ ഗവർണർക്ക് അറിയാഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു. സമ്മേളനത്തിൽ പി വി സഹദേവൻ താൽക്കാലിക അധ്യക്ഷനായിരുന്നു.