പരപ്പനങ്ങാടി > മുസ്ലീം ലീഗിനെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഐ എൻ എൽ സംസ്ഥാന സെക്രട്ടറിക്കും സി പി ഐ എം ലോക്കൽ കമ്മറ്റിയംഗത്തിനുമെതിരെ ഭീഷണി കത്ത്.
മുസ്ലീം ലീഗ് വഖഫ് സംരക്ഷണമെന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിക്കെതിരെ സി പി ഐ എം നെടുവ ലോക്കൽ കമ്മറ്റി അംഗം എ പി മുജീബ് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയനുസരിച്ച് കോഴിക്കോട് വെള്ളയിൽ പോലീസ് കേസും എടുത്തിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറും ലേഖനത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
മുജീബിൻ്റെയും കാസീം ഇരിക്കൂറിൻ്റെയും കാൽ തല്ലിയൊടിക്കുമെന്നാണ് ചൊവ്വാഴ്ച രാവിലെ സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി ഓഫീസായ പരപ്പനങ്ങാടിയിലെ എ കെ ജി ഭവനിൽ തപാലിൽ കിട്ടിയ ഭീഷണി കത്തിൽ പറയുന്നത്. കോഴിക്കോട് ബീച്ചിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിസംബർ 21 നകം മുസ്ലീം ലീഗിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന ഭീഷണിയും കത്തിലുണ്ട്. നഹ ആൻ്റ് സീതി ഹാജി ടൈഗർ ഫോഴ്സ് എടവണ്ണ എന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ പി മുജീബ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.