ന്യൂഡൽഹി
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും പട്ടികവിഭാഗത്തിന് സംവരണം ചെയ്തതിൽ പകുതിയിലേറെ അധ്യാപകതസ്തിക ഒഴിഞ്ഞുകിടക്കുന്നു.
വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ലോക്സഭയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കേന്ദ്ര സർവകലാശാലകളിൽ പട്ടികജാതി സംവരണമുള്ള 2272 തസ്തികയിൽ 1055 എണ്ണം നികത്തിയിട്ടില്ല. പട്ടികവർഗക്കാർക്കുള്ള 1154 തസ്തികയില്‍ 590 എണ്ണം നികത്താനുണ്ട്. ഇന്ദിര ഗാന്ധി ദേശീയ ഓപ്പൺ സർവകലാശാലയിൽ പട്ടികജാതിക്കാർക്കുള്ള 120 സീറ്റിൽ നിയമനം 66മാത്രം. പട്ടികവർഗക്കാർക്കുള്ള 53 തസ്തികയിൽ 26 ഒഴിവ്.
ഐഐടികളിലെ 146 പട്ടികവിഭാഗം തസ്തികയിൽ 102 ഒഴിവ്. ഐഐടി, എൻഐടി, ഐഐഎം എന്നിവയിൽ 1002 പേർ മാത്രമാണ് പട്ടികവിഭാഗം അധ്യാപകര്‍.
വിവേചനങ്ങളാൽ ജോലി വിടുന്നവരുടെ കണക്ക് ലഭ്യമല്ലെന്നും മന്ത്രി അറിയിച്ചു.
കരസേനയിൽ ലക്ഷത്തിൽപ്പരം ഒഴിവ്
പ്രതിരോധസേനകളിൽ ലക്ഷത്തിൽപ്പരം തസ്തിക ഒഴിഞ്ഞുകിടക്കുന്നെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ ഡോ. വി ശിവദാസനെ അറിയിച്ചു. മൊത്തം 1,22,555 ഒഴിവിൽ 1,04,653ഉം കരസേനയിലാണ്. നാവികസേനയിൽ 12,431ഉം വ്യോമസേനയിൽ 5471ഉം തസ്തിക നികത്താനുണ്ട്. ഓഫീസർ തസ്തികയിൽ മാത്രം 9362 ഒഴിവുണ്ട്.