തിരുവനന്തപുരം
കണ്ണൂർ, കാലടി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ വാദങ്ങൾ ദുർബലമാകുകയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണമെന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് പുറത്താകുകയും ചെയ്തതോടെ വിവാദം പുതിയ തലത്തിൽ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയ ഗവർണറുടെ നടപടി രൂക്ഷവിമർശത്തിന് വഴിയൊരുക്കി. കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ ഉത്തരവിൽ കഴിഞ്ഞ മാസം 23നാണ് ഒപ്പുവച്ചത്. രണ്ടാഴ്ച കഴിഞ്ഞ് തള്ളിപ്പറഞ്ഞതിലാണ് ദുരൂഹത.
കത്ത് സർക്കാരിനെതിരെ ആയുധമാക്കിയ പ്രതിപക്ഷത്തിന്, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റണമെന്ന അവരുടെ പഴയ നിലപാട് പുറത്തായത് തിരിച്ചടിയായി. കേന്ദ്രത്തിന് കത്തെഴുതിയത് മറച്ചാണ് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുൾപ്പെടെയുള്ളവർ രംഗത്തുവന്നത്. കണ്ണൂർ വിസി നിയമനത്തിൽ എജിയോട് നിയമോപദേശം തേടിയത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ്. പുനർനിയമനം നൽകാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ഗവർണറെ അറിയിച്ചു. ഇത് സമ്മർദമാണെന്ന വാദം സംശയാസ്പദമാണ്. പുനർനിയമനം നൽകണമെന്ന് സർക്കാർ വാശിപിടിച്ചില്ല. ഫയൽ പരിശോധിച്ച് ഗവർണറാണ് തീരുമാനം എടുത്തത്. സ്വന്തം നിലയിലും നിയമോപദേശം തേടാമായിരുന്നു. സുപ്രീംകോടതി അഭിഭാഷകരിൽനിന്നുവരെ ഗവർണർമാർ നിയമോപദേശം തേടിയിട്ടുണ്ട്.
സംസ്കൃത സർവകലാശാല വിസി നിയമനത്തിൽ സേർച്ച് കമ്മിറ്റി പേര് നൽകിയപ്പോൾ ഗവർണർ വിയോജിച്ചില്ല. രാജ്ഭവനിലെ ഒരു മുൻ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധു പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇടഞ്ഞത്. തന്റെ പേര് ഉണ്ടെങ്കിൽ ഗവർണർ അംഗീകരിക്കുമെന്ന് ഈ അധ്യാപിക അവകാശപ്പെട്ടിരുന്നതായാണ് വിവരം.
വിസി നിയമനത്തിൽ സർക്കാരിനുനേരെ തിരിഞ്ഞ ഗവർണർ ഇപ്പോൾ മറ്റ് ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സേർച്ച് കമ്മിറ്റിയിൽ തന്റെ നോമിനിയായി സർക്കാർ നിർദേശിക്കുന്ന ആളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വാദം. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് സർക്കാരും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ നിർബന്ധിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
കണ്ണൂർ വിസി നിയമനം : ഗവർണറുടെ കത്തിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഗവർണർ സർക്കാരിന് നൽകിയ കത്ത് ഹാജരാക്കാൻ ഹർജി ഭാഗം കോടതിയുടെ അനുമതി തേടി. എന്നാൽ, കത്തിന് കേസിൽ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നേരത്തേ വിധിപറയാൻ മാറ്റിയിരുന്നു. ഗവർണർ സർക്കാരിന് അയച്ച കത്ത് ഹാജരാക്കാൻ ഹർജി ഭാഗം തിങ്കളാഴ്ച കോടതിയിൽ പ്രത്യേക അനുവാദം ചോദിക്കുകയായിരുന്നു.
വിസിയെ നീക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജി നിലനിൽക്കില്ലെന്നും പൊതുതാൽപ്പര്യഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനർനിയമനമാണ് നടന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിയുടെ കത്തും മാധ്യമങ്ങൾക്ക് നൽകി
സർവകലാശാലകളുടെ പ്രോ ചാൻസലർ എന്നനിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് നൽകിയ കത്തും ഗവർണറുടെ ഓഫീസ് മാധ്യമങ്ങൾക്കു നൽകി. ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് മാധ്യമങ്ങൾക്കു നൽകി വിവാദമാക്കിയതിനു പിന്നാലെയാണ് മന്ത്രി നൽകിയ രണ്ട് കത്ത് തിങ്കളാഴ്ച വലതുപക്ഷ മാധ്യമങ്ങൾക്ക് കൈമാറിയത്.