തിരുവനന്തപുരം
കേരളത്തിലെ സർവകലാശാലകളെക്കുറിച്ച് കെട്ടുകഥകൾ പടച്ചുവിടുന്ന മാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ആർഎസ്എസ് വൽക്കരണം. അക്കാദമിക യോഗ്യതയില്ലാതിരുന്നിട്ടും ആർഎസ്എസാണെന്ന ഒറ്റക്കാരണത്താൽ പല സർവകലാശാലകളിലും വൈസ് ചാൻസലർമാരായി ഇരിക്കുന്നവരും ഏറെ.
ആർഎസ്എസ് വിളിച്ചുചേർത്ത വിദ്യാഭ്യാസ സമ്മേളനത്തിൽ നൂറോളം വിസിമാർ ചട്ടംലംഘിച്ച് നേരിട്ട് പങ്കെടുത്തതും ഇത് സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണർമാർ വഴി ഇടപെട്ട വിസി നിയമനങ്ങൾ കോടതിയിലുമെത്തി. ഇതെല്ലാം മറച്ചുവച്ചാണ്, കേരളത്തിൽ യോഗ്യതയും കഴിവുമുള്ളവരെ നടപടിപ്രകാരം നിയമിക്കുമ്പോൾപ്പോലും അവരുടെ രാഷ്ട്രീയമോ ബന്ധുത്വമോ ചൂണ്ടിക്കാട്ടി ദുരാരോപണങ്ങൾ ഉന്നയിക്കുന്നത്.
ഛത്തീസ്ഗഢിൽ കുശാ ബാഹു താക്കറെ ജേർണലിസം സർവകലാശാലയിൽ അക്കാദമിക യോഗ്യതയില്ലാത്ത ബാൽദേവ് ഭായ് ശർമയെ വിസിയാക്കി. ആർഎസ്എസ് മുഖപത്രം പാഞ്ചജന്യത്തിന്റെ എഡിറ്റർ എന്നതായിരുന്നു യോഗ്യത. ഹിമാചൽ സെൻട്രൽ സർവകലാശാലയിൽ കുൽദീപ് അഗ്നിഹോത്രിയും പഞ്ചാബ് സർവകലാശാലയിൽ പ്രൊഫ. രാജ് കുമാറും വിസിമാരായതും ആർഎസ്എസ് നോമിനികളായാണ്. എസ്സി മോർച്ച നേതാവിന് യോഗ്യത നേടാൻ മാസങ്ങൾ വിസി കസേര ഒഴിച്ചിട്ടാണ് ഹിമാചൽ സംസ്ഥാന സർവകലാശാലയിൽ ആർഎസ്എസ് താൽപര്യം നടപ്പാക്കിയത്. നളന്ദയിലുൾപ്പെടെ പല സർവകലാശാലയിലും ആർഎസ്എസ് നേരിട്ടാണ് അക്കാദമിക് ഭരണം.
ആർഎസ്എസ് അജൻഡ കുത്തിനിറച്ച ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഗവർണർമാർ വഴിയുള്ള നീക്കവും ശക്തമാണ്. ഗവർണർമാർ വിസിമാരെ നേരിട്ട് വിളിച്ച് ഇക്കാര്യങ്ങൾ പറയുന്നുമുണ്ട്. വിസി യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ യുജിസി നടപടിതന്നെ സംഘപരിവാർ നീക്കമാണെന്ന് ആരോപണമുണ്ട്. അസമിലെ സർവകലാശാലകളിൽ സ്ഥാപിത താൽപ്പര്യക്കാരെ നിയമിക്കാൻ സ്ഥിരം വിസിമാർ വേണ്ടെന്നുവരെ സർക്കാർ ആലോചിച്ചു. ഗുവാഹത്തി സർവകലാശാല വിസി നിയമനം ഹൈക്കോടതിയിലെത്തി. ഗുജറാത്തിൽ മഹാത്മാഗാന്ധി സ്ഥാപിച്ച വൈദ്യപീഠ് സർവകലാശാല വിസി നിയമനം തടഞ്ഞുവച്ചതും രാഷ്ട്രീയ ലക്ഷ്യത്തോടെ. കശ്മീർ സെൻട്രലിലും ആന്ധ്രപ്രദേശ് നാഗാർജുനയിലും കേന്ദ്രം ഇടപെട്ടത് വിവാദമായി.