തിരുവനന്തപുരം
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർവീസ് പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബത്തിനും സർക്കാർ ആരോഗ്യപരിപക്ഷ. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) പദ്ധതി ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴി ജനുവരി ഒന്നുമുതൽ നടപ്പാക്കാനാണ് ആലോചന.
കുടുംബ പെൻഷൻകാർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർടൈം അധ്യാപകർ, എയ്ഡഡ് മേഖലയിലേതുൾപ്പെടെ അധ്യാപക–-അനധ്യാപക ജീവനക്കാർ എന്നിവരും ആശ്രിതരും പദ്ധതി അംഗങ്ങളാകും. അംഗത്തിന്റെ ഭാര്യ/ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ ഉൾപ്പെടെയാണ് ആശ്രിതർ. നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഭാഗമാണ്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും ഇഷ്ടപ്രകാരം അംഗത്വമുറപ്പാക്കാം.
മികച്ച സേവനം
ആറായിരം രൂപ വാർഷിക പ്രീമിയത്തിൽ കുടുംബത്തിനാകെ മൂന്നുവർഷത്തേക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഓരോ വർഷത്തേക്കും നിശ്ചയിച്ചതിൽ ഒന്നരലക്ഷം രൂപവരെ ചെലവായില്ലെങ്കിൽ നഷ്ടപ്പെടും. ബാക്കി ഒന്നരലക്ഷം രൂപ പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിവർഷ തുകയ്ക്കൊപ്പം ഉപയോഗിക്കാം.
പട്ടികപ്പെടുത്തിയ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനും ചെലവാകുന്ന തുക, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനച്ചെലവ്, രോഗാനുബന്ധ ഭക്ഷണച്ചെലവ് എന്നിവ മെഡിസെപ് വഹിക്കും. എംപാനൽ ചെയ്ത ആശുപത്രികൾ രോഗികൾക്ക് തെരഞ്ഞെടുക്കാം. അടിയന്തര സാഹചര്യങ്ങളിൽ മറ്റ് ആശുപത്രികളെയും ആശ്രയിക്കാം. മാസം അഞ്ഞൂറ് രൂപ നിരക്കിൽ പ്രീമിയം സമാഹരിക്കും.
പെൻഷൻകാരുടെ കുടുംബത്തിന് ആദ്യമായി
പെൻഷൻകാരുടെ കുടുബാംഗങ്ങളെ മുമ്പെങ്ങും ആരോഗ്യപരിരക്ഷയിൽ പരിഗണിച്ചിരുന്നില്ല. പെൻഷൻകാർക്ക് 300 രൂപ പ്രതിമാസം ചികിത്സാ അലവൻസുണ്ട്. ഇത് കഴിഞ്ഞ ബജറ്റിൽ 500 രൂപയാക്കി. ഈ തുക പ്രീമിയത്തിനായി നീക്കിവയ്ക്കുമ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം മികച്ച ചികിത്സ ഉറപ്പാകും.