കോട്ടയം
എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിനെ സംബന്ധിച്ച് യുഡിഎഫ് പത്രമായ മനോരമ പരമ്പരയിലെ പരാമർശങ്ങൾ അടിസ്ഥാനരഹിതം. അന്തർദേശീയ നിലവാരമുള്ള സ്ഥാപനത്തിന്റെ യശസ്സ് ഇകഴ്ത്തിക്കാട്ടാനാണ് ‘ഗാന്ധിജി ഇല്ലാത്ത ഗാന്ധിയൻ’ എന്ന ശീർഷകത്തിലൂടെ മനോരമയുടെ ശ്രമം. ഇവിടെയുള്ള 14 അധ്യാപകരിൽ ഒരാൾമാത്രമാണ് ഗാന്ധിയൻ ചിന്ത പഠിച്ചത് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. വകുപ്പിൽ അനുവദനീയമായ അധ്യാപകർ എട്ടാണ്; 14 അല്ല. മൂന്നുപേരും ഗാന്ധിയൻ ചിന്ത പഠിച്ചവരുമാണ്. വെബ് സൈറ്റിലുൾപ്പെടെ ഇക്കാര്യം വ്യക്തമായിട്ടും നുണക്കഥ എഴുതിപിടിപ്പിച്ചു.
ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിൽ സാമ്പത്തിക ശാസ്ത്രമാണ് അടിസ്ഥാനം. അഞ്ചുപേർ ഡവലപ്മെന്റ് പഠിപ്പിക്കാൻ യോഗ്യരാണ്. അവസാനം നടത്തിയ നിയമന നടപടിയിൽ വിസി ഇല്ലെന്നതാണ് മനോരമയുടെ മറ്റൊരു ആരോപണം. വിസിയുടെ അഭാവത്തിൽ പിവിസി ഉണ്ടായിരുന്നു. ഗാന്ധിയൻതോട്ട്, ഡവലപ്പ്മെന്റ് സ്റ്റഡീസ് എന്നിവയിൽ എംഎ, എംഫിൽ കോഴ്സാണ് ഇവിടെയുള്ളത്. വിദേശത്തുനിന്നുൾപ്പെടെ 24പേർ പിഎച്ച്ഡി ചെയ്യുന്നു. 14 ഉപവിഷയങ്ങളും പഠിപ്പിക്കുന്നു. കാലോചിതമായി പരിഷ്കരിച്ച, ധാരാളം തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്. ഇതൊക്കെ പകൽപോലെ വ്യക്തമായിട്ടും മനോരമ കള്ളക്കഥ മെനയുകയാണ്.