തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങൾക്കും രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പരിപാടികൾക്കും തുറന്നയിടങ്ങളിൽ 300 പേർക്കും അടഞ്ഞ ഹാളുകളിൽ 150 പേർക്കും പങ്കെടുക്കാം.
ഉത്സവങ്ങളിൽ ആചാരപരമായ കലാരൂപങ്ങൾക്കും അനുമതിയുണ്ട്. അതേസമയം വിവാഹത്തിനും മരണാനന്തര ചടങ്ങിനും തുറന്നയിടങ്ങളിൽ 200 പേർക്കും അടഞ്ഞയിടങ്ങളിൽ 100 പേർക്കും പങ്കെടുക്കാമെന്ന നിബന്ധന തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
സ്കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം നിലവിൽ പരിഗണിക്കില്ല. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. രണ്ടാം ഡോസ് എടുക്കാനുള്ള 70 ലക്ഷം പേർക്ക് എത്രയും വേഗം വാക്സിൻ നൽകാനും നിർദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച 2434 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂർ 224, കൊല്ലം 163, കോട്ടയം 147, തൃശൂർ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസർകോട് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
content highlights:more relaxation in covid restrictions