കൊച്ചി > മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർക്കാരിന്റെ സാമ്പിൾ സർവേ തടയണമെന്ന എൻഎസ്എസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സംവരണം സംബന്ധിച്ചല്ല സർവേയെന്നും മറ്റു ആനുകൂല്യങ്ങൾ സംബന്ധിച്ചാണെന്നും മുന്നാക്ക വിഭാഗ കമീഷൻ അറിയിച്ചു. ഇത് പരിഗണിച്ചാണ് സർവേ തുടരാൻ കോടതി അനുമതി നൽകിയത്. 2019ലെ രാമകൃഷ്ണപിള്ള കമീഷൻ ശുപാർശയിൽ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി ഉത്തരവിട്ടു.
സംസ്ഥാനത്ത് സാമൂഹിക -സാമ്പത്തിക -സമുദായ സർവേയും സമുദായം തിരിച്ചുള്ള പ്രത്യേക കണക്കെടുപ്പും സമയബന്ധിതമായി നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമീഷൻ ശുപാർശ. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പരിഗണിച്ചത്.