തിരുവനന്തപുരം: ഗവർണറിൽ നിന്ന് ചാൻസിലർ പദവി മാറ്റാമെന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനം നിലപാട് എടുത്തിരുന്നതായി റിപ്പോർട്ട്. എം.എം. പൂഞ്ചി കമ്മീഷന്റെ ശുപാർശകളിന്മേൽ കേന്ദ്ര സർക്കാരിനെ അഭിപ്രായം അറിയിച്ചപ്പോഴാണ് സംസ്ഥാനം ഈ നിലപാട് എടുത്തത്. ഗവർണർക്ക് ചാൻസിലർ പദവി നൽകുന്നത് അധികാര സംഘർഷമുണ്ടാക്കുമെന്നും അത് അഭികാമ്യമല്ലെന്നായിരുന്നു സർക്കാർ നിലപാട്. അന്നത്തെ ചീഫ് സെക്രട്ടറിയാണ് നിലപാട് അറിയിച്ചുകൊണ്ട് 2015ന് ഓഗസ്റ്റ് 26ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാനാണ് 2007ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മദൻമോഹൻ പൂഞ്ചിയെ കേന്ദ്രസർക്കാർ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ 2010ൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിലെ പ്രധാന ശുപാർശ സർവകലാശാല ചാൻസിലർ പോലുള്ള പദവികളിൽ നിന്ന് ഗവർണർമാരെ ഒഴിവാക്കണം എന്നുള്ളതായിരുന്നു. കമ്മീഷന്റെ ശുപാർശയിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. അങ്ങനെ അഭിപ്രായം അറിയിക്കുമ്പോഴാണ് ഇത്തരത്തിൽ സുപ്രധാന നിലപാട് സംസ്ഥാനം എടുത്തത്.
2015 ഓഗസ്റ്റിൽ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണാണ് സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയെ രേഖാമൂലം അഭിപ്രായം അറിയിച്ചത്. ഗവർണർമാർ നിയമപരമായ ബാധ്യതകൾ ഏറ്റെടുക്കുന്നത് അധികാര സംഘർഷത്തിന് ഇടയാക്കുമെന്നും അത് തീരെഅഭികാമ്യമല്ല എന്നുമാണ് സർക്കാർ അഭിപ്രായമായി അറിയിച്ചത്.
നേരത്തെ ഗവർണർമാർക്ക് മേൽ ചാൻസിലർ പദവി നിക്ഷിപ്തമാക്കുമ്പോൾ അതിന് ചരിത്രപരമായ കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, കാലവും സാഹചര്യവും മാറിയതോടെ അതിന് പ്രസക്തിയില്ലാതായി. ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിൽ വലിയ താല്പര്യമുണ്ട്. അങ്ങനെ വരുമ്പോൾ ഇത് രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഭിന്നതക്കും ഇടയാക്കുമെന്നാണ് അന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്.
Content Highlights:Kerala government on Punchhi Commission Report Chancellor of University